heart

പത്തനംതിട്ട : ആധുനിക ജീവിതശൈലിയിൽ വിങ്ങിയും നീറിയും പൊട്ടിയും നുറുങ്ങിയും ഹൃദയം അനുഭവിക്കുന്ന വേദനകൾ ചെറുതല്ല. ഹാർട്ട് അറ്റാക്ക് എന്ന ഒാമനപ്പേരിൽ ഒരു ദിവസം ഹൃദയം നിശ്ചലമാകുമ്പോൾ മാത്രമാകും ഹൃദയസംരക്ഷണത്തെ കുറിച്ച് നാം ചിന്തിക്കുക. അനാരോഗ്യകരമായ ജീവിതക്രമങ്ങളുടെ ഫലമായി ഹൃദയ രോഗികളുടെ എണ്ണത്തിൽ ക്രമാതീതമായ വർദ്ധനയാണുണ്ടാവുന്നത്. ഒരു ദിവസം ജില്ലാ ജനറൽ ആശുപത്രിയിലെ കാത്ത് ലാബിൽ മാത്രം ഇരുന്നൂറിലധികം രോഗികളെത്തുന്നുണ്ട്. ഹൃദയത്തെ ആരോഗ്യകരമായി സംരക്ഷിക്കാൻ ഇന്ന് ഭൂരിഭാഗം പേർക്കും കഴിയാതെ പോകുന്നു.

സാധാരണക്കാരന്റെ ആശ്രയം

ഹൃദയാരോഗ്യത്തിന് ജില്ലയിലെ സാധാരണക്കാരുടെ ഏക ആശ്രയം പത്തനംതിട്ട ജനറൽ ആശുപത്രിയിലെ കാത്ത് ലാബാണ്. ജില്ലയിലെ ആദ്യത്തേതും സംസ്ഥാനത്തെ മൂന്നാമത്തേതുമാണ് 2019ൽ തുടങ്ങിയ ഈ ലാബ്. എട്ട് കോടി രൂപ ചെലവഴിച്ചാണ് കാത്ത് ലാബ് നിർമ്മിച്ചത്. രോഗികൾക്ക് എല്ലാ പരിശോധനകളും ഇവിടെ സൗജന്യമാണ്. ആകെ പത്ത് കിടക്കകളാണ് ഉള്ളത്.

2019 മുതൽ ഇതുവരെ

ആകെ രോഗികൾ - 5302

ആൻജിയോ പ്ലാസ്റ്റി - 1865

എക്കോ പരിശോധന - 28,968

(2020) ട്രഡ്മില്ല് ടെസ്റ്റ് - 1972

ആഗസ്റ്റിലെ കണക്ക്

ആൻജിയോ ഗ്രാം - 95

ആൻജിയോ പ്ലാസ്റ്റി - 37

ഹൃദയാഘാതത്തിലേക്ക്

കടുത്ത പ്രമേഹം, അനിയന്ത്രിതമായ രക്തസമ്മർദ്ദം, പുകവലി, കൊഴുപ്പ്, അനാരോഗ്യകരമായ ഭക്ഷണശീലം, വ്യായാമമില്ലായ്മ.

ഹൃദയാഘാതം തടയാം

ദിവസേന 30 - 45 മിനിട്ട് വേഗതയിലുള്ള നടത്തം. നീന്തൽ, സൈക്ലിംഗ്, ജോഗിംഗ്, ഔട്ട് ഡോർ ഗെയിംസ് എന്നിങ്ങനെയുള്ള വ്യായാമങ്ങൾ.

അമിത വണ്ണം നിയന്ത്രിക്കുക.

മാനസിക പിരിമുറുക്കം കുറയ്ക്കുക.

ക്രമമായ വ്യായാമം ശീലിക്കണം.

മെച്ചപ്പെട്ട ഹൃദയാരോഗ്യം നേടിയെടുക്കുകയാണ് ഹൃദയ ദിനം കൊണ്ട് ലക്ഷ്യമാക്കുന്നത്. ഇതിനായി ദിവസേന വ്യായാമം ശീലമാക്കണം.

ഡോ. ജോസ് പൈകട

(കാർഡിയോളജിസ്റ്റ് പത്തനംതിട്ട കാത്ത് ലാബ്)