പള്ളിക്കൽ : ഗ്രാമപഞ്ചായത്തിലെ പഴകുളം ഭാഗത്ത് കെ.ഐ.പി കനാലിൽ കഴിഞ്ഞ ദിവസം രാത്രി അജ്ഞാതർ ലോഡുകണക്കിന് കക്കൂസ് മാലിന്യം തള്ളി. എട്ടുകിലോമീറ്ററിലധികം ദൂരത്തേക്ക് ഇത് ഒഴുകിപ്പടർന്നിട്ടുണ്ട്. കനാലിന്റെ ഇവരുവശത്തുമുള്ള വീടുകളിലെ കിണറുകളിലേക്ക് ഉറവയായി എത്തിയ മാലിന്യം ജലത്തിന് മുകളിൽ പാടപോലെ പൊങ്ങിക്കിടക്കുകയാണ്. പള്ളിക്കൽ ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡിലാണ് മാലിന്യം തള്ളിയതെങ്കിലും ഏഴാം വാർഡിലേക്കും ഇതെത്തി.
കെ.പി റോഡിന് സമാന്തരമായി പഴകുളം പാസിനും സോഷ്യൽ സർവീസ് പാർക്കിനും ഇടയിലുള്ള വിജനമായ പ്രദേശത്തെ കനാലിലേക്കാണ് അഞ്ചുലോഡിലധികം മാലിന്യം തള്ളിയത്. കെ.പി റോഡിൽ നിന്ന് വേഗത്തിൽ ഇടറോഡിലേക്ക് കയറി ഇവിടെ എത്തിച്ചേരാൻ കഴിയും. മാലിന്യം നിക്ഷേപിച്ച ശേഷം ഇതേറൂട്ടിൽ മുന്നോട്ടുനീങ്ങിയാൽ വീണ്ടും കെ.പി റോഡിലെത്താം.ഇതാണ് മാലിന്യവുമായി എത്തിയവർ ഈ ഭാഗം തിരഞ്ഞെടുക്കാൻ കാരണം.
ഇൗ പ്രദേശങ്ങളിൽ ദുർഗന്ധം രൂക്ഷമായി. ദുർഗന്ധം ശ്വസിച്ച് പ്രായമായവർക്കും കുട്ടികൾക്കും ശ്വാസതടസവും അസ്വസ്ഥതയും അനുഭവപ്പെട്ടു. പഴകുളം അങ്കണവാടി, എൽ.പി സ്കൂൾ, ഓർത്തഡോക്സ് പള്ളി , മുസ്ലീം പള്ളി എന്നിവ ഇൗ ഭാഗത്താണ് . . ഈ സ്ഥാപനങ്ങളിലെ കുടിവെള്ളവും മലിനമായി. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അനന്തുബാലൻ, കോൺഗ്രസ് ബ്ളോക്ക് സെക്രട്ടറി ഷിഹാബുദ്ദീൻ പഴകുളം, സിജു പഴകുളം, സൈജു മുഹമ്മദ് എന്നിവരുടെ നേതൃത്വത്തിൽ പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകി
പൊലീസ് കേസെടുത്തു
നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ, പൊലീസ് എന്നിവർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. അടൂർ സി.ഐ ശ്യാം മുരളി, എസ്.ഐ അനീഷ് എന്നിവരുടെ നേതൃത്വത്തിലെത്തിയ പൊലീസ് സംഘം കേസെടുത്ത് അന്വേഷണം തുടങ്ങി. പ്രദേശത്തെ സി.സി ടി.വികൾ പരിശോധിക്കുന്നുണ്ട്.
-------------------
" കെ.ഐ.പി കനാലിൽ ഇടയ്ക്കിടെ മാലിന്യം തള്ളാറുണ്ട്. അപ്പോഴൊക്കെ അധികൃതർ നടപടിയെടുക്കാതിരുന്നതാണ് ഇപ്പോഴത്തെ സ്ഥിതിക്ക് കാരണം. കെ.ഐ.പി കനാലിൽ വളർന്നുനിൽക്കുന്ന കാട് വെട്ടിത്തെളിച്ചിട്ട് വർഷങ്ങളായി. തെരുവു നായകളും ഇഴജെന്തുക്കളും ഇവിടം താവളമാക്കിയിരിക്കുകയാണ്. "
എച്ച്. നൗഷാദ്
സെക്രട്ടറി,
തണൽ റസിഡൻസ് അസോസിയേഷൻ
പഴകുളം.