puspagiri

തിരുവല്ല : നഗരത്തിൽ ടി.കെ റോഡിലെ കൊല്ലമലപടിയിൽ നിന്ന് തുടങ്ങി ബൈപ്പാസ്, മുൻസിപ്പൽ പാർക്ക്, പുഷ്പഗിരി മെഡിക്കൽ കോളേജ്, മഞ്ഞാടി, തൈമല, തീപ്പനി എന്നിവിടങ്ങളിലേക്ക് പോകാവുന്ന പുഷ്പഗിരി റോഡ് യാത്രക്കാരുടെ നടുവൊടിക്കും. കഷ്ടിച്ച് ഒരു കിലോമീറ്റർ മാത്രമേ ദൂരമുള്ളൂവെങ്കിലും യാത്ര അതികഠിനമാണ്. മാസങ്ങളായി തകർന്ന് കുണ്ടും കുഴിയുമായിട്ട്. ടാറിംഗ് പൊളിഞ്ഞു ഉരുളൻ കല്ലുങ്കൽ ഇളകി കിടക്കുന്ന റോഡിലൂടെ രോഗികൾ ഉൾപ്പെടെ നൂറുകണക്കിന് ആളുകളാണ് നിത്യവും സഞ്ചരിക്കുന്നത്. അംബുലൻസുകൾ ഉൾപ്പടെ തകർന്ന് റോഡിൽ സഞ്ചരിക്കാനാകാതെ ബുദ്ധിമുട്ടുന്നത് പതിവ് കാഴ്ചയാണ്. റോഡിന്റെ ചെരുവിൽ കുത്തനെ വെള്ളം ഒഴുകുന്നതിനാൽ പലയിടത്തും ഗർത്തവും രൂപപ്പെട്ടു. ഇതിന് പുറമെയാണ് പൈപ്പിടാനായി കുഴിയെടുത്ത ഭാഗവും പൊളിഞ്ഞു കിടക്കുന്നത്. ഗത്യന്തരമില്ലാതെയാണ് രോഗികൾ ഉൾപ്പെടെയുള്ളവർ ഈ റോഡിനെ ആശ്രയിക്കുന്നത്. നഗരസഭാ അധികാരികൾ ഉൾപ്പെടെയുള്ളവർ പതിവായി ഇതുവഴി പോകുന്നുണ്ടെങ്കിലും രോഗികളുടെ യാതന മനസിലാക്കി റോഡ് അറ്റകുറ്റപ്പണികൾ ചെയ്യാൻ ഇതുവരെയും സാധിച്ചിട്ടില്ല. ഇടുങ്ങിയ റോഡിന്റെ ഇരുവശങ്ങളിലുമുള്ള പാർക്കിംഗും യാത്രക്കാരെ കുഴയ്ക്കുന്നു. ചിലഭാഗങ്ങളിൽ മരങ്ങൾ തണൽവിരിച്ചു നിൽക്കുന്നതിനാൽ പകലും റോഡിൽ ഇരുട്ടാണ്. രാത്രിയിൽ വഴിവിളക്കിന്റെ പ്രകാശവും റോഡിൽ കിട്ടാത്തവിധം ഉയരത്തിലാണ് സ്ഥാപിച്ചിട്ടുള്ളത്. ഡ്യുട്ടി കഴിഞ്ഞു പോകുന്ന ജോലിക്കാർ ഉൾപ്പെടെ കൂരിരുട്ടിലാണ് ഭീതിയോടെ ഇതുവഴിയുള്ള യാത്ര. അന്യസംസ്ഥാന തൊഴിലാളികൾ മദ്യലഹരിയിൽ രാത്രികാലങ്ങളിൽ തമ്പടിക്കുന്നതും ഈ ഭാഗങ്ങളിലാണ്. പലരും പരാതികൾ പറഞ്ഞു മടുത്തു. എന്നിട്ടും പരിഹാരമില്ല.

കണ്ണുതുറക്കാതെ നഗരസഭ

മെഡിക്കൽ കോളേജിലേക്ക് അടിയന്തര സാഹചര്യങ്ങളിൽ എത്തുന്നവർ റോഡിൽ കുടുങ്ങിയിട്ടും റോഡിന്റെ തകർച്ച പരിഹരിക്കൻ നഗരസഭാ അധികൃതർ ശ്രമിക്കുന്നില്ല. റോഡിലെ പൈപ്പുകുഴിയും അനധികൃത പാർക്കിംഗ്

ഗതാഗതം തടസപ്പെടുത്തുന്നത് പരാതികൾക്ക് ഇടയൊരുക്കുന്നുണ്ട്. ഏറെ തിരക്കുള്ള നഗരത്തിലെ റോഡിനെ നഗരസഭാ അധികൃതർ കൈയൊഴിഞ്ഞ മട്ടാണ്.

1.റോഡ് പൂർണമായും തകർന്നു

2. ഭീഷണിയായി പൈപ്പുകുഴി

3. വഴിവിളക്കുകളും ഉപയോഗപ്പെടുന്നില്ല

ഹൃദ്രോഗത്തെ തുടർന്ന് സ്റ്റെന്റ് ധരിച്ചിട്ടുണ്ട്. പുഷ്പഗിരി റോഡിലൂടെയുള്ള യാത്ര മിക്കപ്പോഴും വേദനാജനകമാണ്. ജീവിക്കാൻ മറ്റു മാർഗമില്ലാത്തതിനാൽ സഹിച്ചു കഴിയുകയാണ്.
അച്ചൻകുഞ്ഞ്, (ഓട്ടോ ഡ്രൈവർ)