​മല്ലപ്പള്ളി : പെരുമ്പെട്ടിയിലെ കർഷകരുടെ ഭൂമി സംബന്ധിച്ച് മുൻ സർവേയിൽ സംഭവിച്ച പിശകുകൾ ഭൂമിയുടെ തൽസ്ഥിതി അനുസരിച്ചു തിരുത്താൻ ഉത്തരവു ലഭിച്ചു. ലാൻഡ് റവന്യു കമ്മീഷണർ ആണ് നിർദേശം നൽകിയത്. വനഭൂമിയുടെ ഡിജിറ്റൽ റീ സർവേ കഴിഞ്ഞപ്പോൾ വനവിജ്ഞാപനം അനുസരിച്ചുള്ള മുഴുവൻ ഭൂമിയും വനം വകുപ്പിന്റെ ജണ്ടകൾക്കുള്ളിൽ സുരക്ഷിതമാണെന്ന്‌തെളിഞ്ഞതിനാൽ കർഷകരുടെ ഭൂമിസംബന്ധിച്ച് കഴിഞ്ഞ സർവേയിൽ ചേർത്ത റിസേർവ് വനം എന്ന തെറ്റായ കുറിപ്പ് നീക്കിത്തരണം എന്ന കൊറ്റനാട് ഗ്രാമപഞ്ചായത്തു വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ രാജേഷ് ഡി.നായരുടെ അപേക്ഷ പരിഗണിച്ചാണ് ഉത്തരവുണ്ടായത്. പട്ടയമില്ലാത്ത കർഷകരുടെ ഭൂമി ഡിജിറ്റൽ റീ സർവേ ചെയ്യാനുള്ള തടസം ഇതോടെ നീങ്ങിക്കിട്ടി. സർവേയുടെ ഈ സുപ്രധാന ഘട്ടം പ്രമോദ് നാരായൺ എം.എൽ.എ നാളെ ഉച്ചയ്ക്ക് 12.30ന് തൂങ്ങുപാല ജംഗ്ഷനിൽ വച്ച് ഉദ്ഘാടനം ചെയ്യും. ജില്ലാ കളക്ടർ സ്ഥലം സന്ദർശിക്കും. 66 വർഷമായി പരിഹരിക്കപ്പെടാതെ കിടന്ന പെരുമ്പെട്ടി പട്ടയ പ്രശ്‌നം ഇതോടെ പരിഹരിച്ചുകിട്ടും എന്ന പ്രത്യാശയിലാണ് കർഷകർ.