niranam-chundan

തിരുവല്ല: തുഴപ്പാടുകളുടെ വ്യത്യാസത്തിൽ ആവേശം വാനോളം ഉയർത്തിയ മത്സരത്തിൽ നാലാംസ്ഥാനത്ത് എത്തിയെങ്കിലും നിരണം ചുണ്ടന് ഇത് മറക്കാനാകാത്ത പോരാട്ടം. ആദ്യപാദം വരെ പ്രവചനാതീതം. അടുത്ത മിനിറ്റിൽ രണ്ടാമതായി അല്പം മേൽകൈ ഉണ്ടായിരുന്നെങ്കിലും പിന്നീട് വീണ്ടും ഒപ്പത്തിനൊപ്പം. 4.30.56 സെക്കന്റുകളുടെ ശരവേഗമായിരുന്നു നിരണം ഫിനിഷ് ചെയ്തത്. എഴുപതാമത് നെഹ്‌റു ട്രോഫി വള്ളംകളിയിൽ ഫോട്ടോഫിനിഷിൽ ജലരാജാക്കൻമാരായി പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ കാരിച്ചാൽ ചുണ്ടൻ വിജയംനേടി. മൈക്രോ സെക്കൻഡുകളുടെ വ്യത്യാസത്തിനാണ് വിയപുരം ചുണ്ടൻ രണ്ടാമതായത്. അഞ്ചു ഹീറ്റ്സ് മത്സരങ്ങളിലായി 19 ചുണ്ടൻ വള്ളങ്ങളാണ് പങ്കെടുത്തത്.

പത്തനംതിട്ട ജില്ലയുടെ ആദ്യത്തെ ചുണ്ടൻ രണ്ടാമങ്കത്തിലും കരുത്തുകാട്ടി. കഴിഞ്ഞവർഷം ആദ്യമായി നീരണിഞ്ഞശേഷം ആലപ്പുഴ പുന്നമടക്കായലിൽ നടന്ന നെഹ്‌റുട്രോഫി മത്സരത്തിൽ കെ.ജി.ഏബ്രഹാം ക്യാപ്റ്റനായി നിരണം ബോട്ട് ക്ലബിന്റെ പേരിൽ മത്സരിച്ച് ഏഴാം സ്ഥാനത്തെത്തി. ചാമ്പ്യൻസ് ബോട്ട് ലീഗ് (സി.ബി.എൽ) മത്സരത്തിനു യോഗ്യത നേടുകയും ചെയ്തു. തുടർന്ന് മാന്നാർ മഹാത്മാ ജലോത്സവത്തിൽ ഒന്നാമതും കന്നേറ്റി ജലോത്സവത്തിൽ രണ്ടാംസ്ഥാനവും നേടിയിരുന്നു. കോട്ടയം,ആലപ്പുഴ,പത്തനംതിട്ട,കൊല്ലം ജില്ലക്കാർക്കൊപ്പം മണിപ്പൂരിൽ നിന്നുള്ള 22 യുവാക്കളും ക്ലബിനായി തുഴയെറിയുന്നു. നീരേറ്റുപുറം പാലത്തിനുസമീപം പമ്പയാറ്റിലാണ് രാവിലെയും വൈകിട്ടും പരിശീലനം. 2025ൽ നിരണത്തുകാർ മാത്രം തുഴയുന്ന ടീമിനെയിറക്കുകയെന്നതാണ് ലക്ഷ്യമെന്ന് വള്ളസമിതി വൈസ് പ്രസിഡന്റ് കൂടിയായ റോബി തോമസ് പറയുന്നു.