
പത്തനംതിട്ട : വന്യമൃഗങ്ങൾ ജനവാസ മേഖലയിലേക്ക് കടക്കാതിരിക്കാനുള്ള വനംവകുപ്പിന്റെ പദ്ധതിയായ സൗരോർജ തൂക്കുവേലി നിർമ്മാണം മുടങ്ങി. വനംവകുപ്പിനും വനമേഖലയോടു ചേർന്ന തദ്ദേശ സ്ഥാപനങ്ങൾക്കും ഫണ്ടില്ലാത്തതാണ് പദ്ധതിക്ക് തടസമാകുന്നത്. കണ്ണൂരിലും കാസർകോടും ഇടുക്കിയിലും തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ആരംഭിച്ച പദ്ധതി തുടക്കത്തിലെ പാളി. പത്തനംതിട്ടയിൽ കോന്നി, റാന്നി ഡിപ്പോകളിൽ പദ്ധതി തയ്യാറാക്കിയെങ്കിലും പഞ്ചായത്തുകൾക്ക് പണമില്ലാത്തതു കാരണം നടന്നില്ല.
ഗ്രീൻ ഇന്ത്യ മിഷൻ പദ്ധതിയുടെ ഭാഗമായി കേന്ദ്രം അനുവദിക്കുന്ന തുക വന്യമൃഗങ്ങളെ തടയാനുള്ള പദ്ധതികൾക്ക് മതിയാകില്ലെന്ന് സംസ്ഥാന വനംവകുപ്പ് അധികൃതർ പറയുന്നു.
650 കോടിയുടെ പദ്ധതി :
കേന്ദ്രം മൗനത്തിൽ
വന്യമൃഗങ്ങൾ മനുഷ്യരെ ആക്രമിക്കുന്നതും കൃഷി നശിപ്പിക്കുന്നതും തടയാൻ സംസ്ഥാന സർക്കാർ ആവിഷ്കരിച്ച പദ്ധതിക്ക് കേന്ദ്രസർക്കാരിൽ നിന്ന് മറുപടി ലഭിച്ചില്ല. വനാതിർത്തികളിലെ ജനവാസമേഖലയിൽ ട്രഞ്ച്, റെയിൽപ്പാള വേലി, സൗരോർജ തൂക്കുപാലം, ആനമതിൽ എന്നിവ നിർമ്മിക്കാൻ 650 കോടിയുടെ പദ്ധതി 2022 ലാണ് സമർപ്പിച്ചത്. വനവുമായി അതിർത്തി പങ്കിടുന്ന ജനവാസ മേഖലകൾ മറ്റു സംസ്ഥാനങ്ങളേക്കാൾ കൂടുതൽ കേരളത്തിലാണെന്ന് റിപ്പോർട്ടിൽ സൂചിപ്പിച്ചിട്ടുണ്ട്.
സോളാർ തൂക്കുവേലി
ഒരു കിലോമീറ്റർ തൂക്ക് വേലിക്ക് 6.5 ലക്ഷം രൂപയാണ് ചെലവ്. നിശ്ചിത അകലത്തിൽ 14 അടി ഉയരത്തിൽ ഇരുമ്പ് തൂണുകൾ മൂന്ന് അടി താഴ്ചയിൽ കോൺക്രീറ്റ് ചെയ്ത് ഉറപ്പിക്കും. തൂണുകളെ തമ്മിൽ 1.5 എം.എം കമ്പികളുമായി ബന്ധിപ്പിക്കും. അതിൽ നിന്ന് 12എം.എം കമ്പികൾ താഴേക്ക് തൂക്കിയിടും. വേലിയെ സൗരോർജ ബാറ്ററിയുമായി ബന്ധിപ്പിക്കും. വേലിയിൽ തൊടുന്ന മൃഗങ്ങൾക്ക് ചെറിയ ഷോക്ക് ഏൽക്കും.
2022 ലെ കണക്ക്
വന്യമൃഗങ്ങളുടെ ആക്രമണത്തിൽ
കൊല്ലപ്പെട്ടവർ : 152
പരിക്കേറ്റവർ : 830
കൊല്ലപ്പെട്ട വളർത്തുമൃഗങ്ങൾ : 495
കൃഷിനാശം നേരിട്ടവർ : 6601
(വനംവകുപ്പ് അഡ്മിനിസ്ട്രേഷൻ റിപ്പോർട്ടിൽ നിന്ന്)