
കൊടുമൺ : പ്ലാസ്റ്റിക് അടക്കമുള്ള അജൈവ പാഴ്‌വസ്തുക്കൾ ശേഖരിച്ച് പൊടിക്കാനായി നിർമ്മിച്ച റിസോഴ്‌സ് റിക്കവറി ഫെസിലിറ്റി സെന്റർ (ആർ.ആർ.എഫ്) പ്രവർത്തനം വൈകുന്നു. കൊടുമൺ വാഴവിള കരുവിലാക്കോട് റോഡിനു സമീപം വലിയതോടിന്റ കരയിൽ പറക്കോട് ബ്ളോക്ക് പഞ്ചായത്ത് കെട്ടിടം പണിതത് രണ്ടു വർഷം മുൻപാണ്. ഇവിടെ സ്ഥാപിച്ച മോട്ടാേറിന്റെ ക്ഷമതാ പരിശോധന നടക്കാത്തതും ജില്ലാ കളക്ടറുടെ അനുമതി ലഭിക്കാത്തതുമാണ് പ്രവർത്തനത്തിന് തടസം. കൊടുമൺ ജംഗ്ഷനു സമീപം വാടക കെട്ടിടത്തിലായിരുന്നു ആർ.ആർ.എഫ് പ്രവർത്തിച്ചിരുന്നത്. കരുവിലാക്കോട് പുതിയ കെട്ടിടം നിർമ്മിച്ചപ്പോൾ ത്രീഫെയ്സ് വൈദ്യുതി കണക്ഷൻ ലഭിക്കാൻ കാലതാമസമുണ്ടായി. അടുത്തിടെ കണക്ഷൻ ലഭിച്ചതായി ബ്ളോക്ക് പഞ്ചായത്ത് അധികൃതർ പറഞ്ഞു.
പാഴ്വസ്തുക്കൾ പൊടിക്കാനും പതുക്കാനുമായി ആർ.ആർ.എഫിൽ സ്ഥാപിച്ച യന്ത്രങ്ങൾ തുരുമ്പെടുത്തു. വിവിധ പഞ്ചായത്തുകളിൽ നിന്ന് സംഭരിക്കുന്ന അജൈവ മാലിന്യങ്ങൾ ഇവിടെയെത്തിച്ച് സംസ്കരിച്ച് റോഡ് നിർമ്മാണത്തിനും മറ്റും ഉപയോഗിക്കാനായിരുന്നു പദ്ധതി.
ആർ.ആർ.എഫ് പ്രവർത്തനം
ക്ലീൻ കേരള കമ്പനി തദ്ദേശ സ്ഥാപനങ്ങളിൽ നിന്ന് ശേഖരിക്കുന്ന പ്ലാസ്റ്റിക്കുകൾ ആണ് ബ്ലോക്ക് തലത്തിലുള്ള ആർ.ആർ.സിയിൽ കൊണ്ടുവരുന്നത്. അവിടെ യന്ത്ര സഹായത്താൽ പുന:ചംക്രമണ യോഗ്യത ഉള്ള പ്ലാസ്റ്റിക്ക് പതുക്കി മാറ്റും. യോഗ്യമല്ലാത്ത മൾട്ടി ലെയർ പ്ലാസ്റ്റിക്ക് യന്ത്ര സഹായത്താൽ അരിഞ്ഞ് സൂക്ഷിക്കും. ഇത് റോഡ് ടാറിംഗിന് ഉപയോഗിക്കുന്നു. തദ്ദേശസ്ഥാപനങ്ങളും പൊതുമരാമത്തും ആകെ ടാറിംഗ് ജോലികളിൽ 20 ശതമാനം റോഡുകളിൽ ഷെർഡഡ് പ്ലാസ്റ്റിക്ക് ഉപയോഗിക്കണമെന്ന് സർക്കാർ നിർദ്ദേശമുണ്ട്.
നിർമ്മാണച്ചെലവ് 22 ലക്ഷം
മോട്ടോറിന്റെ പരിശോധന നടത്തേണ്ടതുണ്ട്. ജില്ലാ കളക്ടറുടെ അനുമതി ഉടനെ ലഭിക്കുമെന്നാണ് പ്രതീക്ഷ. ആർ.ആർ.എഫ് പ്രവർത്തനം ഒക്ടോബറിൽ ആരംഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.
ആർ.തുളസീധരൻ പിളള,
പറക്കോട് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ്