school
രണ്ടാംഘട്ട നിർമ്മാണങ്ങൾക്കായി പൊളിക്കേണ്ട പഴയ കെട്ടിടം

അടൂർ : സ്ഥലപരിമിതി മൂലം ബുദ്ധിമുട്ടുകയാണ് ഏഴംകുളം പഞ്ചായത്തിലെ കിഴക്കുപുറം ഗവ.എച്ച്.എസ്.എസിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും. ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള സ്കൂളിൽ രണ്ട് ഘട്ടമായി നടക്കേണ്ട കെട്ടിട നിർമ്മാണ പ്രവർത്തനങ്ങൾ ഒന്നാം ഘട്ടം കഴിഞ്ഞ് നിലച്ചിരിക്കുകയാണ്. കഴിഞ്ഞ സർക്കാരിന്റെ കാലത്താണ് കിഫ്‌ബിയിൽ നിന്ന് രണ്ട് കെട്ടിടങ്ങൾ പണിയാനായി മൂന്നു കോടി രൂപ അനുവദിച്ചത്. ഒന്നരക്കോടി രൂപ വീതം മുടക്കി 2 കെട്ടിടങ്ങൾ പണിയാൻ ആയിരുന്നു പദ്ധതി. 2017-18 കാലഘട്ടത്തിൽ തന്നെ ആദ്യ കെട്ടിടത്തിന്റെ പണി ആരംഭിച്ചു. പലതവണ മുടങ്ങിയ പണി തീർത്ത് ഒടുവിൽ 2023-ൽ ഉദ്ഘാടനം ചെയ്തു. രണ്ടാംഘട്ടത്തിൽ സ്കൂളിലെ പഴയ കെട്ടിടം പൊളിച്ച് അവിടെ പുതിയത് പണിയാനാണ് തീരുമാനിച്ചിരുന്നത്. പഴയത് പൊളിക്കാനുള്ള കാലതാമസം കാരണം കരാർ കമ്പനി പണി നിറുത്തിവച്ചു.ഒന്നാം ഘട്ടം പണി കഴിഞ്ഞിട്ട് ഒരു വർഷമായി. പഴയ കെട്ടിടം പൊളിക്കാനുള്ള എസ്റ്റിമേറ്റ് തയാറാക്കാനുള്ള പരിശോധനയ്ക്കായി കഴിഞ്ഞ ദിവസമാണ് പഞ്ചായത്തിൽ നിന്നുള്ളവർ എത്തിയത്.

പഴയകെട്ടിടം പൊളിച്ചില്ല ,​ അധികൃതരുടെ വീഴ്ചയെന്ന് ആരോപണം

ആദ്യ കെട്ടിടം പണിയുമ്പോൾ തന്നെ പഴയ കെട്ടിടം പൊളിക്കുവാനുള്ള നടപടിക്രമങ്ങൾ നടത്താതിരുന്നത് അധികൃതരുടെ വീഴ്ചയെന്ന ആരോപണം ശക്തമാണ്. കെട്ടിടം പണിയ്ക്കായി സ്കൂൾ മുറ്റത്തുള്ള മരങ്ങൾ മുറിക്കേണ്ടതുണ്ട്. ഇതിനിടെ ഒരു മരം കടപുഴകി വീണു. ഇത് അതേപടി ഇപ്പോഴും കിടപ്പുണ്ട്. മറ്റൊരു മരവും അപകടാവസ്ഥയിലാണ്. സ്കൂളിന്റെ ചുറ്റുമതിലിന്റെ ഒരു ഭാഗം പൊളിഞ്ഞിട്ട് ഒന്നര വർഷമായി. ഇതിനോട് ചേർന്നുള്ള ബാക്കി അപകടാവസ്ഥയിലാണ്. അടിയന്തരമായി കെട്ടിടം പണിത് സ്കൂളിന്റെ പ്രവർത്തനങ്ങൾ സുഖമമാക്കണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം

.....................

പഴയ കെട്ടിടം പൊളിക്കുവാനുള്ള എസ്റ്റിമേറ്റ് എടുത്തിട്ടുണ്ട്. നടപടികൾ പൂർത്തിയാക്കി ഉടൻതന്നെ കെട്ടിടം പൊളിക്കുവാനുള്ള ടെൻഡർ വിളിക്കും.

ശ്രീജ

(പ്രഥമാദ്ധ്യാപിക)​

.....................................

നടപടിക്രമങ്ങൾ പൂർത്തിയായിക്കൊണ്ടിരിക്കുകയാണ്. വൈകാതെ തന്നെ രണ്ടാംഘട്ട കെട്ടിട നിർമ്മാണം ആരംഭിക്കും.

രാജി.പി.രാജപ്പൻ

ജില്ലാ പഞ്ചായത്ത്

പ്രസിഡന്റ്

.........................

ഒന്നാം ഘട്ടത്തിന്റെ നിർമ്മാണം കഴിഞ്ഞിട്ട് 1 വർഷം

കിഫ്ബിയിൽ നിന്ന് 3 കോടി അനുവദിച്ചു