ചെങ്ങന്നൂർ: നഗരസഭയിൽ സ്ഥാപിച്ച മാലിന്യസംസ്കരണ പ്ലാന്റ് പ്രവർത്തിക്കാൻ ഇനിയും ആഴ്ചകൾ വേണ്ടിവരും. സ്വകാര്യബസ് സ്റ്റാൻഡിന് സമീപമാണ് ജൈവ അജൈവ മാലിന്യ സംസ്കരിക്കാൻ കഴിയുന്ന പ്ലാന്റ് നിർമ്മിച്ചത്. മഴക്കാലത്ത് മാലിന്യ സംസ്കരണം കീറാമുട്ടി ആവുകയും പകർച്ചവ്യാധികൾ പടരാൻ സാദ്ധ്യതയുളളപ്പോഴും നിർമ്മാണം പൂർത്തിയാക്കിയ മാലിന്യ സംസ്കരണ പ്ലാന്റിന്റെ പ്രവർത്തനം തുടങ്ങിയിട്ടില്ലായിരുന്നു. ഇലക്ട്രിക്കൽ ഇൻസ്പ‌ക്ടറേറ്റിൽ നിന്നുള്ള അനുമതി പ്രതീക്ഷിച്ചിരിക്കുകയാണെന്നാണ് നഗരസഭാ അധികൃതർ പറയുന്നത്. ഐ.ആർ.ടി.സിയുടെ സാങ്കേതിക സഹകരണത്തോടെയാണ് മാലിന്യ സംസ്കരണ പ്ലാന്റ് നിർമ്മിക്കുന്നത്. പ്രതിദിനം 500 കിലോ മാലിന്യം സംസ്കരിക്കാൻ ഇതിനുശേഷിയുണ്ട്. ശുചിത്വമിഷൻ ഉദ്യോഗസ്ഥർ കഴിഞ്ഞ ആഴ്ച പ്ലാന്റ് പരിശോധിച്ചിരുന്നു. 50ലക്ഷം രൂപയോളം പ്ലാന്റ് നിർമ്മാണത്തിന് ചിലവായി. 18 എയ്റോ കമ്പോസ്റ്റ് ബിന്നുകളുണ്ടെന്നതാണ് പ്ലാസ്റ്റിക്ക് മാലിന്യം സൂക്ഷിക്കാനുള്ള സൗകര്യമുണ്ട്. മാലിന്യം തരംതിരിക്കുന്നതിന് 25 ചതുരശ്ര വിസ്തീർണ്ണമുള്ള മുറിയുണ്ട്. കൂടാതെ തൊഴിലാളികൾക്ക് ഡ്രസിംഗ് റൂം ഒരുക്കിയിട്ടുണ്ട്. പ്ലാൻ ഫണ്ടുപയോഗിച്ചായിരുന്നു നിർമ്മാണം. പ്ലാന്റ് പ്രവർത്തിച്ചു തുടങ്ങിയാൽ ആറുമാസത്തോളം ഐ.ആർ.ടി.സി.യുടെ സാങ്കേതിക വിദഗ്ദ്ധർ പ്ലാന്റിന്റെ പ്രവർത്തനത്തിന് സഹായം നൽകാനുണ്ടാകും.

മാലിന്യ സംസ്കരണം വെല്ലുവിളി

നിലവിൽ നഗരസഭയ്ക്ക് പ്ലാന്റ് ഇല്ലാത്തതിനാൽ മാലിന്യ സംസ്കരണം വെല്ലുവിളിയാണ്. ശബരിമല സീസൺ കാലത്ത് രൂക്ഷമാകാറുണ്ട്. ശാസ്താപുരം മാർക്കറ്റ് നവീകരണ പദ്ധതിയിലും മാലിന്യ സംസ്കരണ പ്ലാൻ ഉണ്ട് മാർക്കറ്റ് നിർമ്മാണത്തിന്റെ പ്രാഥമിക പ്രവർത്തനങ്ങൾ തുടങ്ങിയിരുന്നു അതേസമയം കര മാലിന്യ പരിപാലന പദ്ധതിക്ക് അനുയോജ്യമായ സ്ഥലം കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല .

...........................

വൈദ്യുതീകരണ ജോലികൾ പൂർത്തിയാക്കിയാൽ ഒരു മാസത്തിനുള്ളിൽ പ്ലാന്റിന്റെ പ്രവർത്തനം തുടങ്ങാൻ കഴിയും.

ശോഭാ വർഗീസ്

(ചെങ്ങന്നൂർ നഗരസഭാദ്ധ്യക്ഷ)​

............................

. പ്രതിദിനം 500 കിലോ ഗ്രാം മാലിന്യം സംസ്കരിക്കാം

. നിർമ്മാണച്ചെലവ് 50 ലക്ഷം

. 250 ചതുരശ്ര വിസ്തീർണ്ണം