parumala

തിരുവല്ല : പരുമല തിരുമേനിയുടെ 122-ാം ഓർമ്മപ്പെരുന്നാളിനോടനുബന്ധിച്ച് വിവിധ സർക്കാർ വകുപ്പുകളുടെ ഏകോപനവും ക്രമീകരണങ്ങളും സംബന്ധിച്ച് ആലപ്പുഴ, പത്തനംതിട്ട ജില്ലാതല വകുപ്പുമേധാവികളുടെ അവലോകന യോഗം പരുമല സെമിനാരിയിൽ ചേർന്നു. ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്ജ് ഉദ്ഘാടനം ചെയ്തു. ജനബാഹുല്യം കണക്കിലെടുത്ത് പരുമല പെരുന്നാളിന് ഈ വർഷം വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്ന് മന്ത്രി അറിയിച്ചു. ഗ്രീൻ പ്രോട്ടോക്കോൾ പാലിക്കുന്നതിൽ വീഴ്ച വരുത്തുവാൻ പാടില്ലെന്ന് അദ്ധ്യക്ഷത വഹിച്ച സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു.
പത്തനംതിട്ട ജില്ലാ കളക്ടർ എസ്.പ്രേം കൃഷ്ണൻ, ആലപ്പുഴ ജില്ലാ കളക്ടർ അലക്സ് വർഗീസ് , പത്തനംതിട്ട അഡീഷണൽ എസ്.പി ആർ.ബിനു, തിരുവല്ലാ സബ് കളക്ടർ സുമിത് കുമാർ താക്കൂർ , തിരുവല്ലാ ഡിവൈ.എസ്.പി അഷാദ്.എസ്, പത്തനംതിട്ട ഡെപ്യൂട്ടി കളക്ടർ രാജലക്ഷ്മി.ആർ, മലങ്കര ഓർത്തഡോക്സ് സഭാ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ, പരുമല സെമിനാരി മാനേജർ ഫാ.കെ.വി.പോൾ റമ്പാൻ, സഭാ ട്രസ്റ്റിമാരായ ഫാ.ഡോ.തോമസ് വർഗീസ് അമയിൽ, റോണി വർഗീസ് ഏബ്രഹാം, വിവിധ വകുപ്പ് മേധാവികൾ, വിവിധ ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

വിപുലമായ ക്രമീകരണം

1. പെരുന്നാൾ ദിനങ്ങളിൽ വിവിധ ഡിപ്പോകളിൽനിന്ന്

കെ.എസ്.ആർ.ടി.സി പ്രത്യേക സർവീസുകൾ നടത്തും.

2. പഞ്ചായത്തിന്റെ സഹകരണത്തോടെ കുടിവെള്ളം വിതരണം നടത്തും.

3. റോഡുകളുടെയും പാലത്തിന്റെയും അറ്റകുറ്റപണികൾ പൂർത്തിയാക്കും.

4. പ്രത്യേക പൊലീസ് കൺട്രോൾ റൂം സ്ഥാപിക്കും.

5. ആരോഗ്യവകുപ്പ് ആംബുലൻസ് സേവനവും പ്രത്യേക

മെഡിക്കൽ ടീമിനെയും സജ്ജമാക്കും.