
തിരുവല്ല : രജതജൂബിലി വർഷത്തിൽ ബി.എസ്.എൻ.എൽ ഫൈബർ അധിഷ്ഠിത ഇൻറർനെറ്റ് (FTTH ) സേവനങ്ങൾ കൂടുതൽ ഭവനങ്ങളിലേക്ക് വ്യാപിപ്പിക്കുന്നു. 4G/5G സാങ്കേതികവിദ്യയിലേക്ക് മാറ്റുന്നതിനാണ് മുഖ്യമായും ശ്രദ്ധകേന്ദ്രീകരിക്കുന്നത്. ആത്മനിർഭർഭാരത് പദ്ധതിപ്രകാരം പൂർണമായും തദ്ദേശീയമായ 4G സാങ്കേതികവിദ്യയാണ് നടപ്പാക്കുക. ഇതിലൂടെ മൊബൈൽ സാങ്കേതികവിദ്യയിൽ രാജ്യത്തെ സ്വയംപര്യാപ്തമാക്കി, ഈ ടെക്നോളജി സ്വന്തമായുള്ള ചുരുക്കം രാജ്യങ്ങളുടെ പട്ടികയിലേക്ക് ഉയർത്തപ്പെടുകയും ചെയ്യും. അടുത്തവർഷം വളരെ എളുപ്പത്തിൽ 5G സർവീസിലേക്ക് ഉയർത്താനുമാകും.
ഒക്ടോബറിൽ ജില്ലയിലെ 359 സൈറ്റുകളിലും 4G ലഭ്യമാകും. 4G സാച്ചുറേഷൻ പദ്ധതിയും ബി.എസ്.എൻ.എൽ നടപ്പാക്കുന്നുണ്ട്. ഇതിലൂടെ മൊബൈൽ കവറേജ് ലഭ്യമല്ലാത്ത ഗ്രാമീണപ്രദേശങ്ങളിൽ 4G സർവീസും ലഭ്യമാകും. ജില്ലയിൽ ഈ പദ്ധതിയിൽ 9 സൈറ്റുകളുണ്ട്. ഇതിൽ 3 എണ്ണം പൂർത്തിയാക്കി. എല്ലാസൈറ്റുകളും ഡിസംബറോടെ കമ്മിഷൻ ചെയ്യാനാകും.
നിരക്ക് വർദ്ധനയില്ല
സ്വകാര്യ മൊബൈൽ കമ്പനികൾ താരിഫ് പ്ലാനുകൾ വർദ്ധിപ്പിച്ചിട്ടും ബി.എസ്.എൻ.എൽ നിരക്ക് കൂട്ടിയിട്ടില്ല. 4G നെറ്റ്‌വർക്കിന്റെ വിപുലീകരണത്തോടൊപ്പം സാധാരണക്കാർക്കുള്ള പ്ലാനുകളും ഉള്ളതിനാൽ ബി.എസ്.എൻ.എല്ലിലേക്ക് പോർട്ട്ഇൻ ചെയ്യുന്ന ഉപഭോക്താക്കളുടെഎണ്ണം വർദ്ധിച്ചിട്ടുണ്ട്. 107 രൂപയ്ക്ക് 35 ദിവസത്തെ സാധുതയുള്ള റീചാർജ് പ്ലാനുകൾ മുതൽ നൽകുന്നു.
ബി.എസ്.എൻ.എല്ലിന് സമീപമാസങ്ങളിൽ
ജില്ലയിൽ ലഭിച്ച ഉപഭോക്താക്കൾ : 11,200
മറ്റ് സേവനദാതാക്കളിൽ നിന്ന്
ബി.എസ്.എൻ.എല്ലിലേക്ക് എത്തിയ
ഉപഭോക്താക്കൾ : 4600
ഫൈബർ അധിഷ്ഠിത ഇൻറർനെറ്റ് (FTTH )
പത്തനംതിട്ടയിൽ 48,300 FTTH കണക്ഷനുകൾ നിലവിലുണ്ട്. ഓരോ മാസവും ആയിരത്തിൽപരം കണക്ഷൻസ് കൂട്ടിച്ചേർക്കപ്പെടുന്നു. FTTH ൽ 329 രൂപ മുതൽ പ്ലാനുകൾ ലഭ്യമാണ്. ഭാരത് നെറ്റ് ഉദ്യമി പദ്ധതി പ്രകാരമുള്ള അതിവേഗ ഒപ്റ്റിക്കൽ ഫൈബർ കണക്ഷൻ സൗജന്യമായി ജില്ലയുടെ ഗ്രാമീണമേഖലയിൽ നടപ്പിലാക്കി. ഗ്രാമീണമേഖലയിലെ വീടുകളിലും സ്ഥാപനങ്ങളിലും 30മുതൽ 1Gbps വരെ വേഗതയുള്ള ഫൈബർ കണക്ഷനുകളാണ് നൽകുന്നത്. 14,000ത്തിൽപ്പരം ഉപഭോക്താക്കൾ ഈ പദ്ധതി പ്രയോജനപ്പെടുത്തി.