ചെങ്ങന്നൂർ: ചെങ്ങന്നൂർ ജില്ലാ ആശുപത്രി പുതിയ കെട്ടിടത്തിന്റെ നിർമ്മാണം മാർച്ചിൽ പൂർത്തിയാകും,
മുന്നൂറോളം ബെഡ്ഡുകളാണ് ഒരുക്കുക. സോളാർ സംവിധാനവും ആശുപത്രിയിൽ സജ്ജമാക്കും. കഴിഞ്ഞ ദിവസം രാവിലെ മുതൽ മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തിൽ ഉന്നത ഉദ്യോഗസ്ഥസംഘം നിർമ്മാണപുരോഗതി വിലയിരുത്തി. തുടർന്ന് യോഗം ചേർന്നാണ് നിർമ്മാണം ഉടൻ തന്നെ പൂർത്തിയാക്കി ഉദ്ഘാടനത്തിന് സജ്ജമാക്കാമെന്നും തിരുമാനിച്ചത്. ജില്ലാ ആശുപത്രിയേയും മാതൃ ശിശു ആശുപത്രിയേയും തമ്മിൽ ബന്ധിപ്പിക്കുന്ന റാമ്പിന് റൂഫ് മേൽക്കൂര നിർമ്മിക്കും.ഓഫീസ് റൂം പ്രവർത്തനത്തിന് കൂടുതൽ സ്ഥലം കണ്ടെത്തും. അത്യാധുനിക സൗകര്യങ്ങളോടെ നിർമ്മിക്കുന്ന ചെങ്ങന്നൂർ ജില്ലാ ആശുപത്രി നിലവിൽ വരുന്നതോടെ ജനങ്ങൾക്ക് വലിയ ആശ്വാസമാകും. ഓരോ വിഭാഗത്തിനും അത്യാധുനിക മോഡുലർ ഓപ്പറേഷൻ തിയറ്ററുകൾ പണിയും. ആശുപത്രിയിലേക്കു മെഡിക്കൽ ഉപകരണങ്ങളും വാങ്ങാനും നടപടിയായി. കെട്ടിടത്തിന്റെ വാർപ്പ് ജോലികൾ പൂർത്തീകരിച്ചു.
രണ്ടര ഏക്കർ സ്ഥലത്ത് ഏഴുനിലകളിലായി കെട്ടിടം
കിഫ്ബി ഫണ്ടിൽനിന്ന് 100 കോടി രൂപ മുതൽമുടക്കി അത്യാധുനിക രീതിയിൽ നിർമ്മിക്കുന്ന പുതിയ കെട്ടിട സമുച്ചയ നിർമ്മാണ ഉദ്ഘാടനം 2020 നവംബറിൽ മുൻ മന്ത്രി കെ.കെ. ശൈലജ ഓൺലൈൻ വഴിയാണ് നിർവഹിച്ചത്. രണ്ടര ഏക്കർ സ്ഥലത്തിനുള്ളിൽ ഏഴു നിലകളിലായി 1, 25,000 ചതുരശ്ര അടി വിസ്തീർണത്തിലാണ് കെട്ടിട നിർമ്മാണം. ഒന്നും രണ്ടും മൂന്നും നിലകളുടെ തേപ്പ് ജോലികൾ പൂർത്തീകരിച്ച് വെള്ളപൂശി. ജനലുകളുടെ ഫിറ്റിംഗും തേപ്പുജോലികളും പൂർത്തിയായി. നിർവഹണ ഏജൻസിയായ വാസ്‌കോസിന്റെ മേൽനോട്ടത്തിൽ ഹെതർ കൺസ്ട്രക്ഷൻ കമ്പനിയാണ് നിർമ്മാണച്ചുമതല. ടൈൽസ് വർക്ക്, ഫയർ വർക്ക്, ലിഫ്റ്റ് വർക്ക്, ഗ്ലാസ് വർക്ക് എന്നിവയുടെ പണികൾ നടന്നുകൊണ്ടിരിക്കുകയാണ്.
....................................
മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തിൽ ഉന്നത ഉദ്യോഗസ്ഥസംഘം വിലയിരുത്തി
..................................
നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതോടെ കേരളത്തിലെ വലിയ ജില്ലാ ആശുപത്രികളിൽ ഒന്നായി ചെങ്ങന്നൂർ മാറും. ഇത് ചെങ്ങന്നൂരിന്റെ ആരോഗ്യ മേഖലയ്ക്ക് കൂടുതൽ കരുത്ത് പകരും.
(മന്ത്രി സജി ചെറിയാൻ)
........................
നിർമ്മാണച്ചെലവ് 100 കോടി
7 നിലകൾ
1, 25,000 ചതുരശ്ര അടി വിസ്തീർണം