bypass
അടൂർ ബൈപ്പാസിൽ കക്കൂസ് മാലിന്യം തള്ളിയിരിക്കുന്നു

അടൂർ : നാടുനീളെ കക്കൂസ് മാലിന്യം തള്ളുകയാണ് സാമൂഹികവിരുദ്ധർ. അടൂർ നഗരസഭാ പരിധിയിലും പരിസരത്തെ പഞ്ചായത്തുകളിലും കക്കൂസ് മാലിന്യം കനാലുകളിലും തോടുകളിലും തള്ളുന്നത് പതിവായി. പ്രതിഷേധം വ്യാപകമായിട്ടും അധികൃതർ നടപടി സ്വീകരിച്ചിട്ടില്ല. പുന്തലപ്പടി - വെള്ളക്കുളങ്ങര ഭാഗത്തെ കനാലിൽ വർഷങ്ങളായി കക്കൂസ് മാലിന്യം തള്ളുന്നുണ്ട്. കനാലിൽ നിന്ന് മാലിന്യം കലർന്ന വെള്ളം സമീപത്തെ കിണറുകളിൽ കലർന്ന് കുടിവെള്ളം ഉപയോഗിക്കാനാവാത്ത സ്ഥിതിയാണ്. കഴിഞ്ഞ ദിവസം അടൂർ ബൈപ്പാസിനോട്‌ ചേർന്നുള്ള തോട്ടിൽ കക്കൂസ് മാലിന്യം തള്ളി. ദുർഗന്ധം കാരണം ഈ വഴി നടക്കാൻ കഴിയില്ല.പറക്കോട് ടി.ബി ജംഗ്ഷന് സമീപത്തെ തോട്ടിലും പുതുശ്ശേരി ഭാഗത്തും ഏഴംകുളം ജംഗ്ഷനും കരിങ്ങാട്ടിപ്പടിക്കും ഇടയിലുള്ള കനാലിലും മിനി ഹൈവേയ്ക്ക് 100 മീറ്റർ ഉള്ളിലും, എം.സി റോഡിൽ മിത്രപുരം ഭാഗത്തും നേരത്തെ കക്കൂസ് മാലിന്യം തള്ളിയിരുന്നു.

കഴിഞ്ഞയാഴ്ച പഴകുളത്ത് കിലോമീറ്ററുകളോളം കക്കൂസ് മാലിന്യം കനാലുകളിൽ കൂടി ഒഴുകി നടക്കുന്നുണ്ടായിരുന്നു. ടാങ്കർ ലോറികളിലാണ് കക്കൂസ് മാലിന്യം കൊണ്ടുവന്ന് തള്ളുന്നത്. കനാൽ റോഡുകളിൽ വെളിച്ചമില്ലാത്തതും, പരിസരപ്രദേശങ്ങളിൽ വീടുകൾ ഇല്ലാത്തതുമാണ് ഇത്തരക്കാർക്ക് സഹായമാകുന്നത്.

കുറ്റക്കാരെ കണ്ടെത്തുന്നതിന് നാട്ടുകാരുടെ സഹായത്തോടെ വെള്ളക്കുളങ്ങര ഭാഗത്ത് ക്യാമറ സ്ഥാപിക്കുവാൻ ഏറത്ത് പഞ്ചായത്ത് ശ്രമിക്കുന്നുണ്ട്. മറ്റ് സ്ഥലങ്ങളിലും വഴിവിളക്കുകളും ക്യാമറയും സ്ഥാപിക്കണമെന്നും പൊലീസ് പെട്രോളിങ് ശക്തമാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.