റാന്നി: റാന്നി ഇട്ടിയപ്പാറയിൽ ആധുനിക ബസ് ടെർമിനൽ നിർമ്മിക്കുന്നതിനായി 3 കോടി രൂപ അനുവദിച്ചതായി അഡ്വ .പ്രമോദ് നാരായൺ എം.എൽ.എ അറിയിച്ചു. ആദ്യഘട്ടമായി ഈ സാമ്പത്തിക വർഷം രണ്ടു കോടി രൂപ ചെലവഴിക്കും.ഒരു കോടി രൂപയ്ക്ക് മുകളിലുള്ള നിർമ്മാണത്തിന് ധനകാര്യ വകുപ്പിന്റെ പ്രത്യേക അനുമതി ലഭിക്കേണ്ടതിനാൽ അനുമതിക്കായി സമർപ്പിച്ചിരിക്കുകയാണ്.
രണ്ട് നിലകളിലായി നിർമ്മിക്കുന്ന കെട്ടിടത്തിൽ ബസ് കാത്തിരിക്കുന്നതിനുള്ള സൗകര്യങ്ങൾ, സ്ത്രീകൾക്കും കുട്ടികൾക്കും പ്രത്യേക വിശ്രമമുറികൾ, പ്രത്യേക ടോയ്ലറ്റ് ബ്ലോക്കുകൾ, സ്ത്രീകൾക്ക് ഷീ ലോഡ്ജ്,ഓഫീസ് മുറി, റസ്റ്റോറന്റുകൾ, യാത്രക്കാർക്ക് മഴ നനയാതെ ബസിൽ കയറുന്നതിനുള്ള സൗകര്യങ്ങൾ എന്നിവ ഉണ്ടാകും.
സ്വകാര്യ ,കെ.എസ്.ആർ.ടി.സി ബസ് യാത്രക്കാർക്ക് കെട്ടിടം പ്രയോജനപ്പെടും. നിലവിൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ യാത്രക്കാർക്ക് ബസ് കാത്തുനിൽക്കുന്നതിന് ആവശ്യമായ സൗകര്യമില്ല. സ്വകാര്യ ബസ് സ്റ്റാൻഡിൽ വിദേശ മലയാളികൾ നിർമ്മിച്ചു നൽകിയ ബസ് ടെർമിനൽ മാത്രമാണുള്ളത്.