ചെങ്ങന്നൂർ : മുളക്കുഴ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ വയോജന വിനോദ പരിപാടി പദ്ധതി മുളക്കുഴിയിലെ അഗതിമന്ദിരങ്ങളായ സ്നേഹധാരയിലെയും ശരണാലയത്തിലെയും അന്തേവാസികളെ സന്ദർശിച്ച് വയോജനദിനമായ ഇന്ന് തുടക്കം കുറിക്കും. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ അദ്ധ്യക്ഷയാകുന്ന സ്നേഹധാരയിലെ സന്ദർശനം പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.സദാനന്ദനും ശരണാലയത്തിൽ വൈസ്പ്രസിഡന്റ് രമാ മോഹനും ഉദ്ഘാടനം ചെയ്യും. ജനപ്രതിനിധികളും സന്ദർശനത്തിൽ പങ്കെടുക്കും. സന്ദർശനത്തിന്റെ ഭാഗമായി കലാപരിപാടികളും വയോജന ആദരവും സംഘടിപ്പിക്കും. വയോജനങ്ങൾക്ക് ഒത്തുചേരാനും പരസ്പരം സ്നേഹവും സൗഹൃദവും ഓർമ്മകളും പങ്കുവച്ച് വയോജന സൗഹൃദാന്തരീക്ഷം ഒരുക്കുന്നതിനും വയോജനങ്ങളുടെ ശാരീരിരിക -മാനസികാരോഗ്യം ഉറപ്പുവരുത്തുന്നതും ലക്ഷ്യമാക്കിയാണ് മധുരമീ മന്ദഹാസം പദ്ധതി നടപ്പിലാക്കുന്നത്. സാമൂഹിക സുരക്ഷയും സഹായവും നല്കി വയോജനങ്ങളുടെ ആത്മവിശ്വാസം ഉയർത്തുകയും മുതിർന്നവരുടെ വിലപ്പെട്ട അറിവുകളും അനുഭവങ്ങളും മുതൽകൂട്ടാക്കി പുതിയ തലമുറയ്ക്ക് പകർന്നു നല്കുന്നതിനും പദ്ധതി വിഭാവനം ചെയ്യുന്നു. കൊഴുവല്ലൂരിലെ പകൽ വീട് പ്രവർത്തനം ആരംഭിക്കുന്നതിനോടെപ്പം പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ 18 വാർഡുകളിലും വയോജനങ്ങളെ സംഘടിപ്പിച്ച് ക്യാമ്പുകൾ, ആരോഗ്യ ബോധവത്കരണ ക്യാമ്പുകൾ, പാചകവും വാചകവും ഉൾപ്പെടെയുള്ള വിവിധ മത്സരങ്ങൾ കലാപരിപാടികൾ തുടങ്ങിയവ സംഘടിപ്പിക്കുമെന്നും വാർഡുതല പരിപാടികൾക്കു ശേഷം പഞ്ചായത്തിലൊരുക്കുന്ന സമാപന സമ്മേളത്തിൽ മത്സര വിജയികളായ വയോജന പ്രതിഭകളെ ആദരിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.സദാനന്ദൻ പറഞ്ഞു.