01-pdm-flower

പന്തളം : തുമ്പമണ്ണിൽ ബന്ദി വസന്തം വിരുന്നെത്തിയെങ്കിലും കർഷകർ കനത്ത പ്രതിസന്ധിയിലായി. പൂവ് വിപണിയിലെ തമിഴ് ലോബിയുടെ മേധാവിത്വം മൂലം നാടൻ പൂക്കൾക്ക് ആവശ്യക്കാരില്ലാത്ത അവസ്ഥയായതാണ് തിരിച്ചടിക്ക് കാരണം. കുടുംബശ്രീ മിഷന്റെയും കൃഷിഭവന്റെയും സഹകരണത്തോടെ പഞ്ചായത്തിൽ ബന്ദിപ്പൂ കൃഷി ചെയ്തത് അഞ്ചു ഗ്രൂപ്പുകളാണ്. പതിനൊന്നാം വാർഡിൽ ഒരു ഏക്കറിൽ അധികം സ്ഥലത്ത് കൃഷി ചെയ്ത കർഷകർ കനത്ത പ്രതിസന്ധി നേരിടുകയാണ്. കർഷകർ വിപണി തേടി പൂക്കടക്കാരെ സമീപിച്ചെങ്കിലും അവർ വാങ്ങാൻ തയ്യാറായില്ല. തമിഴ്‌നാട്ടിൽ നിന്നാണ് കടകളിലേക്ക് പൂക്കൾ എത്തിക്കുന്നത്. ബന്ദിപ്പൂ ഒഴിവാക്കിയാൽ മറ്റു പൂവുകളും തമിഴ് കച്ചവടക്കാർ നൽകില്ലായെന്ന ഭയമാണ് കടക്കാർക്കുള്ളത്. ചില ക്ഷേത്ര ഭാരവാഹികളെ സമീപിച്ചപ്പോഴും പതിവായി നൽകുന്ന കടക്കാരെ ഒഴിവാക്കി കുടുംബശ്രീയുടെ പൂവെടുക്കാൻ നിർവാഹമില്ലെന്ന മറുപടിയാണ് ലഭിച്ചത്. ഓണക്കാലത്ത് ഒന്നാംഘട്ട വിളവെടുപ്പ് നടന്നെങ്കിലും രണ്ടാം ഘട്ടം വിരിഞ്ഞ പൂക്കൾ കൊഴിയുകയാണ്. ബാങ്ക് ലോണിന്റെ സഹായത്തോടെ കൃഷി ഇറക്കിയ കർഷക കൂട്ടായ്മകളാണ് പ്രതിസന്ധി നേരിടുന്നത്.

പൂത്തുലഞ്ഞത് വലിയ നഷ്ടം

പഞ്ചായത്തിലെ പതിനൊന്നാം വാർഡിലെ ദീപം സംഘകൃഷി ഗ്രൂപ്പ് 5500 മൂട് ബന്ദി കൃഷി ചെയ്തു. വിത്ത്, വളം, കിടനാശിനി എന്നിവയ്ക്ക് വേണ്ടി 30,000 രൂപയോളം സ്വന്തം അദ്ധ്വാനത്തിനു പുറമേ ചെലവായി. ദിവസം വരെ പരിചരണം നൽകി. ചാണകം, വേപ്പും പിണ്ണാക്ക് , രാസവളം തുടങ്ങിയവ ചെടിക്ക് നൽകി. സുജാതകുമാരി, ശശികല, സരസമ്മ, ശാന്തകുമാരി എന്നീ വീട്ടമ്മമാരായിരുന്നു ഗ്രൂപ്പ് അംഗങ്ങൾ.

'തുമ്പമൺ ഗ്രാമ പഞ്ചായത്തിൽ ആയിരക്കണക്കിന് രൂപയുടെ പൂവ് നശിക്കുകായണ്. കർഷകർക്ക് അടിയന്തര സഹായം നൽകണം.

തോമസ് വർഗീസ്,

തുമ്പമൺ പഞ്ചായത്ത് വൈസ് പ്രസിഡന്റ്