തിരുവല്ല: മലങ്കര കാത്തലിക് യൂത്ത് മൂവ്മെന്റ് (എം.സി.വൈ.എം) സഭാതല സമിതിയുടെ നേതൃത്വത്തിൽ യുവജനദിനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന യുവജന സംഗമമായ ഹെസ്ദിന് തിരുവല്ലയിൽ ഒരുക്കങ്ങൾ തുടങ്ങി. 19നും 20നും തിരുവല്ല സെന്റ് ജോൺസ് മെത്രാപ്പോലീത്തൻ കത്തീഡ്രലിലെ ഷെവലിയാർ വർഗീസ് കരിപ്പായി നഗറിലാണ് യുവജനസംഗമം. ഇതോടനുബന്ധിച്ച് ഗാന്ധിജയന്തി ദിനത്തിൽ കുരിശുവല മുതൽ കത്തീഡ്രൽ പള്ളിവരെയുള്ള പ്രദേശങ്ങൾ യുവജനങ്ങൾ വൃത്തിയാക്കും. റോഡിന്റെ ഇരുവശത്തും പൂച്ചട്ടികൾ നഗരസഭയുമായി ചേർന്ന് സ്ഥാപിക്കും. രാവിലെ 10ന് നഗരസഭാദ്ധ്യക്ഷ അനുജോർജ് ഉദ്ഘാടനം ചെയ്യും. നാലിന് ബഥനി സന്യാസിനി സമൂഹത്തിലെ റിട്ടയേർഡ് സിസ്റ്റേഴ്സ് വസിക്കുന്ന തിരുവല്ല ബഥാനിയയിൽ യുവജനദിനാഘോഷം. ആറിന് അതിഭദ്രാസനത്തിലെ 132 ഇടവകകളിൽ യുവജനദിനം യൂണിറ്റ് തലത്തിൽ ആഘോഷിക്കും. 4മുതൽ 12വരെ ഒരുക്കപ്രാർത്ഥന. 13ന് വാഹന വിളംബരറാലി കെഎസ്ആർടിസി സ്റ്റാൻഡിൽ എത്തിച്ചേർന്ന് ഹെസദ് സന്ദേശവുമായി ഫ്ലാഷ് മോബ്. തുടർന്ന് സമ്മേളന നഗരിയിൽ പതാകഉയർത്തും. 19ന് വൈകിട്ട് അഞ്ചിന് അന്തർദേശീയ ക്വിസ് മത്സരവും കലാസന്ധ്യയയും. 20ന് രാവിലെ 8ന് ഡോ.തോമസ് മാർ കൂറിലോസ് മെത്രാപ്പോലീത്തയുടെയും,​ ഡോ.മാത്യൂസ് മാർ പോളി കാർപ്പസ് എപ്പിസ്കോപ്പായുടെയും മുഖ്യകാർമികത്വത്തിൽ കുർബാന. തുടർന്ന് യുവജനസെമിനാർ. കേന്ദ്രമന്ത്രി ജോർജ് കുര്യൻ പൊതുസമ്മേളനം ഉദ്ഘാടനംചെയ്യും. തുടർന്ന് യുവജനറാലി. മ്യൂസിക്കൽ ബാൻഡ്ഷോ. സംഗമത്തിന്റെ ഭാഗമായി ഒരുഭവനം നിർമ്മിച്ചു നൽകുമെന്നും എം.സി.വൈ.എം അതിഭദ്രാസന പ്രസിഡന്റ് സിറിയക് വി.ജോൺ, ജനറൽസെക്രട്ടറി സച്ചിൻരാജു സക്കറിയ, ഡയറക്ടർ ഫാ.ചെറിയാൻ കുരിശുമൂട്ടിൽ, കോർഡിനേറ്റർ സിസ്റ്റർ അലീന, ആനിമേറ്റർ ഷിബിമോൻ കോശി എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.