ഒരു വർഷം വരെ വിചാരണ കൂടാതെ ജയിലിലടയ്ക്കാം
കൊല്ലം: സ്ഥിരം മയക്കുമരുന്ന് കടത്തുകാരുടെ ജാമ്യം നിഷേധിച്ച് വിചാരണത്തടവുകാരാക്കാൻ പര്യാപ്‌തമായ പിറ്റ് എൻ.ഡി.പി എസ് (പ്രിവൻഷൻ ഒഫ് ഇല്ലിസിറ്റ് ട്രാഫിക് ഇൻ നാർകോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക് സബ്‌സ്റ്റൻസ് ആക്‌ട്) പ്രകാരമുള്ള പൊലീസ് ഇടപെടലുകൾക്ക്, കൃത്യമായ നടപടിക്രമങ്ങളുടെ അഭാവത്തിൽ കഴിയുന്നില്ല.
പിറ്റ് എൻ.ഡി.പി.എസ് പ്രകാരം ഒരു വർഷം വരെ വിചാരണ കൂടാതെ ജയിലിലടയ്‌ക്കാനുള്ള ശുപാർശ, സ്റ്റേഷൻ ഹൗസ് ഓഫീസറിൽ തുടങ്ങി പൊലീസിലെ വിവിധ ഘട്ടങ്ങളിലൂടെ മുകളിലേക്ക് നീങ്ങുന്നതാണ്. ഇത് പരിഗണിച്ച് യുക്തമെങ്കിൽ, ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലെ സ്‌ക്രീനിംഗ് കമ്മിറ്റി ഉത്തരവിടുന്നതോടെ സ്ഥിരം മയക്കുമരുന്ന് കടത്തുകാരെ ജയിലിലടയ്‌ക്കാൻ നിയമസാധുതയാകും. എന്നാൽ പൊലീസ് ആസ്ഥാനത്തെ ചുമതല മാറ്റങ്ങളനുസരിച്ച് നടപടിക്രമങ്ങളിലുണ്ടാകുന്ന മാറ്റത്തിന്റെ പേരിൽ ഈ മാഫിയകളുടെ ജാമ്യം തടയാൻ പൊലീസിന് ഫലപ്രദമായി കഴിയുന്നില്ല. മീഡിയം, കൊമേഴ്‌സ്യൽ തോതിൽ മയക്കുമരുന്നുമായി രണ്ട് കേസിൽ പ്രതിയാകുന്നതോടെയാണ് ഒരാൾ പിറ്റ് എൻ.ഡി.പി.എസിന് 'അർഹ'നാകുന്നത്. ഓരോ മീഡിയം, കൊമേഴ്‌സ്യൽ കേസിന് ശേഷം ചെറിയ അളവുമായി പിടിക്കപ്പെട്ടാലും ജയിലിലാകാം.
കേന്ദ്ര നിയമമായി 1985 ൽ നിലവിൽ വന്നിട്ടും 2007 ൽ പാസാക്കിയ കാപ്പയെക്കാളും വൈകി, ഏകദേശം മൂന്ന് വർഷം മുമ്പ് മാത്രമാണ് ജാമ്യം തടയാനുള്ള നടപടികൾ കേരളത്തിൽ നടപ്പാക്കിത്തുടങ്ങിയത്. പൊലീസ് ജില്ലകളിൽ ആഴ്‌ച തോറും പ്രതികളുടെ ക്രൈം ഹിസ്‌റ്ററി വിശകലനം ചെയ്‌തു ലിസ്‌റ്റ് തയ്യാറാക്കി പൊലീസ് ആസ്ഥാനത്തെ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിക്ക് കൈമാറുന്നുണ്ട്. ഈ ഡാറ്റയാണ് പിറ്റ് എൻ ഡി പി എസിനുള്ള ശുപാർശയാകുന്നത്.
രക്ഷപ്പെടുന്ന പഴുതുകൾ: ആർട്ടിക്കൾ 22ന്റെ (അറസ്‌റ്റിലാകുന്ന വ്യക്തിയുടെ മൗലികാവകാശം) പരിരക്ഷയിൽ ഇവർ പലപ്പോഴും ഹൈക്കോടതിയിൽ നിന്ന് വിടുതൽ നേടുന്നു. ഒരു കുറ്റത്തിന് രണ്ട് പ്രാവശ്യം ജയിൽവാസം എന്ന വാദവും ഉന്നയിക്കുന്നു.
കൊല്ലം സിറ്റി
ഇതുവരെ ശുപാർശ ചെയ്‌തത്: 20 കേസുകൾ
പൊലീസിന് അനുകൂലമായത്: 5 ഉത്തരവുകൾ.
ചീഫ് സെക്രട്ടറിയുടെ പരിഗണനിയിലുള്ളത്: 15 കേസുകൾ
കൊല്ലം റൂറൽ
കഴിഞ്ഞ വർഷം വരെ ശുപാർശ: 16 കേസുകൾ
പൊലീസിന് അനുകൂലമായി: 4 കേസുകൾ
ഈ ജൂലായ് വരെ: 1 കേസ്
(പരിഗണിക്കുന്നതിനായി സ്‌ക്രീനിംഗ് കമ്മിറ്റി ആഗസ്‌റ്റ് അവസാനത്തേക്ക് മാറ്റി)
ബഹുഭൂരിപക്ഷവും നടപടി ക്രമങ്ങളിലെ പാളിച്ച കൊണ്ട് തള്ളപ്പെട്ടു
റിപ്പോർട്ട് അയയ്ക്കേണ്ടത് 6 മാസത്തിനകം
8 മാസം പിന്നിട്ട കേസും ഉൾപ്പെടുത്തിയത് തിരിച്ചടിയായി.
.