
കൊല്ലം: ചെക്ക് പോസ്റ്റുകൾവഴി കടത്തുന്ന മായം കലർന്ന പാലും പാലുത്പന്നങ്ങളും പിടിച്ചെടുത്ത് ലാബിൽ പരിശോധിച്ച് നടപടിയെടുക്കാനുള്ള അധികാരം ക്ഷീരവികസന വകുപ്പിനുകൂടി ലഭിച്ചേക്കും. നിലവിൽ ഭക്ഷ്യസുരക്ഷ വകുപ്പിനു മാത്രമാണ് നടപടിയെടുക്കാനുള്ള അധികാരം. പരിശോധനാഫലത്തെ ചൊല്ലി ഇരുവകുപ്പുകളും തമ്മിലുണ്ടാകുന്ന തർക്കത്തെ തുടർന്നാണ് നീക്കം.
1992ലെ മിൽക്ക് ആൻഡ് മിൽക്ക് പ്രോഡക്ട്സ് ഉത്തരവു പ്രകാരം ക്ഷീരവികസന വകുപ്പിനും അധികാരമുണ്ടായിരുന്നെങ്കിലും ഭക്ഷ്യസുരക്ഷാ നിയമം വന്നതോടെ നഷ്ടമായി.
കഴിഞ്ഞമാസം മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തിൽ ചേർന്ന യോഗത്തിൽ ഇത് ചർച്ചയായിരുന്നു. സർക്കാർ വിജ്ഞാപനത്തിലൂടെ ക്ഷീരവികസന വകുപ്പിനും പ്രത്യേക അധികാരം നൽകാമെന്ന നിയമവകുപ്പിന്റെ ശുപാർശപ്രകാരം നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചു. നിയമ, ക്ഷീര, ആരോഗ്യ, ഭക്ഷ്യസുരക്ഷ വകുപ്പ് സെക്രട്ടറിമാരുടെ യോഗം ചേർന്ന് വിശദമായി പരിശോധിച്ചശേഷമാകും അനുമതി കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക.
ആര്യങ്കാവ് സംഭവം
പാഠമാക്കി പോരാട്ടം
തമിഴ്നാട്ടിൽ നിന്നു കടത്തിക്കൊണ്ടുവന്ന ഹൈഡ്രജൻ പെറോക്സൈഡ് കലർന്ന പാൽ ഒന്നര വർഷം മുൻപ് ആര്യങ്കാവ് ചെക്ക്പോസ്റ്റിൽ ക്ഷീരവികസന വകുപ്പ് പിടിച്ചെടുത്തിരുന്നു. വകുപ്പിന്റെ ലാബിൽ നടത്തിയ പരിശോധനയിൽ ഹൈഡ്രജൻ പെറോക്സൈഡിന്റെ സാന്നിദ്ധ്യം കണ്ടെത്തി.നടപടിയെടുക്കാനുള്ള അധികാരമില്ലാത്തതിനാൽ സാമ്പിൾ ഭക്ഷ്യസുരക്ഷാ വകുപ്പിന് കൈമാറി. നിശ്ചിത സമയം കഴിഞ്ഞാൽ പാലിൽ ഹൈഡ്രജൻ പെറോക്സൈഡിന്റെ സാന്നിദ്ധ്യം കണ്ടെത്താനാവില്ല. മണിക്കൂറുകൾ കഴിഞ്ഞ് ഭക്ഷ്യസുരക്ഷ വകുപ്പ് നടത്തിയ പരിശോധനയിൽ ഇത് കണ്ടെത്താനായില്ല. പാലിന്റെ ഉടമസ്ഥൻ കോടതിയെ സമീപിച്ചതോടെ ക്ഷീരവികസന വകുപ്പ് പ്രതിസ്ഥാനത്തായി. തുടർന്നാണ് പ്രത്യേക അധികാരത്തിനുള്ള നീക്കം ആരംഭിച്ചത്.
ബി.ജെ.പി ബന്ധം: പുതിയ പാർട്ടി
രൂപീകരിക്കാതെ ദൾ കേരളഘടകം
തിരുവനന്തപുരം : ബി.ജെ.പി ബന്ധം ആരോപിച്ച് എ.ഡി.ജി.പി എം.ആർ അജിത് കുമാറിനെ പ്രതിക്കൂട്ടിലാക്കുമ്പോൾ മുമ്പ് ബി.ജെ.പി ബന്ധം ആരോപിക്കപ്പെട്ട, മന്ത്രിസഭയിൽ പ്രാതിനിധ്യമുള്ള ജനതാദൾ കേരളഘടകം ഇതുവരെ പുതിയ പാർട്ടി രൂപീകരിച്ചിട്ടില്ല.
ദേശീയ അദ്ധ്യക്ഷൻ എൻ.ഡി.എയുടെ ഭാഗമായതോടെ ജനതാദൾ (എസ്) ദേശീയ നേതൃത്വവുമായുള്ള ബന്ധം സാങ്കേതികമായി വിച്ഛേദിച്ചെങ്കിലും ഔദ്യോഗികമായി പുതിയ പാർട്ടി രൂപകരിക്കാൻ കേരള നേതൃത്വം തയ്യാറായിട്ടില്ല. നിലവിൽ ദേവഗൗഡ ദേശീയ അദ്ധ്യക്ഷനായ പാർട്ടി ചിഹ്നത്തിലാണ് രണ്ട് എം.എൽ.എമാരും ജയിച്ചത്. അതിലൊരാൾ മന്ത്രിയുമാണ്.
കർണാടകയിലെ ജനതാദൾ എസ് -ബി.ജെ.പി സഖ്യത്തിന് മുഖ്യമന്ത്രി പിണറായി വിജയന്റെ പൂർണ്ണ സമ്മതമുണ്ടെന്ന എച്ച്.ഡി. ദേവഗൗഡയുടെ വെളിപ്പെടുത്തൽ സി.പി.എമ്മിനെയും ജെ.ഡി.എസ് കേരളഘടകത്തെയും മുമ്പ് വെട്ടിലാക്കിയിരുന്നു. ദേവഗൗഡയുടെ നിലപാട് അംഗീകരിക്കില്ലെന്ന് ജെ.ഡി.എസ് കേരള ഘടകം പ്രസിഡന്റ് മാത്യു ടി. തോമസ് എം.എൽ.എയും മന്ത്രി കെ.കൃഷ്ണൻകുട്ടിയും വ്യക്തമാക്കുകയും പിന്നീട് ബന്ധം വിച്ഛേദിക്കുകയും ചെയ്തു. പുതിയ പാർട്ടി രൂപീകരിക്കുമെന്ന പ്രഖ്യാപനവും നടത്തി. പക്ഷേ ഇതെങ്ങുമെത്തിയിട്ടില്ല.
യു. ജി. സി നെറ്റ് ഉത്തര സൂചിക
യു. ജി. സി നെറ്റ് ജൂൺ ഉത്തര സൂചിക നാഷണൽ ടെസ്റ്റിംഗ് ഏജൻസി പ്രസിദ്ധീകരിച്ചു. വെബ്സൈറ്റ് : ugcnet. nta. ac. in.
സ്കോൾ കേരള
'പടവുകൾ'
ഉദ്ഘാടനം ചെയ്തു
തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്കോൾ കേരള, നോളജ് ഇക്കണോമി മിഷന്റെ സഹകരണത്തോടെ നടപ്പാക്കുന്ന വിജ്ഞാന തൊഴിൽദാന പദ്ധതിയായ പടവുകളുടെ ഉദ്ഘാടനം മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു. ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ഡിപ്ലോമ ഇൻ യോഗിക് സയൻസ് ആന്റ് സ്പോർട്സ് യോഗ, ഡിപ്ലോമ ഇൻ ഡൊമിസിലിയറി നഴ്സിംഗ് കെയർ കോഴ്സുകളിലെ വിജയികൾക്ക് അഭിരുചിക്കനുസൃതമായ തൊഴിൽ ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
രജിസ്റ്റർ ചെയ്യാൻ പ്രത്യേക പോർട്ടൽ നോളജ് മിഷൻ ഒരുക്കിയിട്ടുണ്ട്. തൊഴിൽദാതാക്കളെ കണ്ടെത്തി അവസരങ്ങൾ പോർട്ടലിലൂടെ തന്നെ ലഭ്യമാക്കും. വി.കെ. പ്രശാന്ത് എം.എൽ.എ അദ്ധ്യക്ഷനായിരുന്നു.
അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം : റീജിയണൽ കാൻസർ സെന്റർ പി.ഡി.സി.സി ഓൺകോ പത്തോളജി ആൻഡ് ഫെല്ലോഷിപ്പ് ഇൻ ഓങ്കോളജിക് ഇമേജിംഗ് പ്രോഗ്രാമുകളിൽ അപേക്ഷ ക്ഷണിച്ചു. 18ന് വൈകിട്ട് നാല് വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക് : www.rcctvm.gov.in.