കൊല്ലം: ആഘോഷ വീഥികൾ ചെത്തിമിനുക്കി ഓണത്തിനു വഴിയൊരുക്കുന്ന അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾക്ക് ഇക്കുറി ഓണം കയ്പേറിയതാവും.
പദ്ധതിയിലെ മികവിന് തുടർച്ചയായി മൂന്ന് വർഷം സംസ്ഥാനതലത്തിൽ അംഗീകാരം ലഭിച്ച കൊല്ലം കോർപ്പറേഷനിൽ ഈ സാമ്പത്തിക വർഷം ആരംഭിച്ച ശേഷം ഇതുവരെ ലഭിച്ചത് വിരലിലെണ്ണാവുന്ന തൊഴിൽ ദിനങ്ങൾ മാത്രം. വർഷം 100 തൊഴിൽദിനങ്ങളെന്ന ലക്ഷ്യം കൈവരിക്കണമെങ്കിൽ ആഗസ്‌റ്റ് ആകുമ്പോഴേക്കും 35 ദിനങ്ങളെങ്കിലും പൂർത്തിയാക്കണം. നൂറ് ദിനങ്ങൾ പൂർത്തിയാക്കുന്നവർ പിറ്റേ ഓണത്തിന് 1000 രൂപ സ്‌പെഷ്യൽ അലവൻസിന് അർഹരാണ്. ഈ വർഷത്തെ പ്രതിസന്ധി നിമിത്തം അടുത്ത ഓണത്തിന് ഈ ആയിരവും നഷ്‌ടമാകും .
ഫണ്ടിന്റെ അപര്യാപ്‌തതയാണ് കോർപ്പറേഷനിൽ തൊഴിൽ ദിനങ്ങൾ സൃഷ്‌ടിക്കപ്പെടാത്തതിന് കാരണമെന്നും വ്യാഖ്യാനമുണ്ട്.
മഴക്കാല പൂർവ ശുചീകരണം പോലെയുള്ള ആവശ്യങ്ങൾക്ക് കൗൺസിലർമാരും ഹെൽത്ത് ഇൻസ്‌പെക്‌ടർമാരും മുൻകൈയെടുത്ത് ചെലവഴിക്കേണ്ട സാനിറ്റേഷൻ ഫണ്ടുപയോഗിച്ചുള്ള നാമമാത്ര ജോലികൾ മാത്രമാണ് ഈ സാമ്പത്തിക വർഷം ഇതുവരെ ലഭിച്ചത്.
കൃഷിയിടത്തിലും പണിയില്ല
കൃഷി ചെയ്യാൻ താത്പര്യമുള്ളവർക്ക് നിലമൊരുക്കാൻ കൃഷി വകുപ്പ് തയ്യാറാക്കുന്ന എസ്‌റ്റിമേറ്റ് പ്രകാരം പദ്ധതി ആസൂത്രണം ചെയ്യേണ്ടത് കോർപ്പറേഷനാണ്. എന്നാൽ ഏറെനാളായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ആ ചുമതല നിർവഹിക്കുന്നില്ല. സർക്കാരിന്റെ ജനപ്രിയ കാർഷിക പദ്ധതിയായ ' ഓണത്തിന് ഒരു മുറം പച്ചക്കറി' പദ്ധതി പ്രകാരവും തൊഴിൽ അവസരങ്ങൾ കണ്ടെത്താൻ കോർപ്പറേഷൻ ശ്രമിക്കുന്നില്ല.
പ്രശ്‌നത്തിൽ കോർപ്പറേഷൻ അധികൃതർ അടിയന്തരമായി ഇടപെടണമെന്ന് ആർ.എസ്.പി കോർപ്പറേഷൻ പാർലമെന്ററി പാർട്ടി ആവശ്യപ്പെട്ടു. എം. പുഷ്‌പാംഗദൻ,സ്വർണമ്മ,ടെൽസ തോമസ്, ദീപു ഗംഗാധരൻ എന്നിവർ സംസാരിച്ചു.