പടിഞ്ഞാറെകല്ലട : കൊല്ലംകെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്ന് കുണ്ടറ ,കടപുഴ ,നെൽപ്പുരക്കുന്ന്, കാരാളിമുക്ക്, ഭരണിക്കാവ് ,പുതിയകാവ് ,കായംകുളം വഴി വണ്ടാനം മെഡിക്കൽ കോളേജ് വരെയുള്ള പുതിയ ബസ് സർവീസ് ഇന്നുമുതൽ ആരംഭിക്കും. ബസിന്റെ ആദ്യ ട്രിപ്പ് രാവിലെ 10ന് കോവൂർ കുഞ്ഞുമോൻ എം.എൽ.എ.കാരാളിമുക്കിൽ ഫ്ലാഗ് ഒഫ് ചെയ്യും.
ബസ് റൂട്ട് ഇങ്ങനെ
രാവിലെ 7 35 ന് കൊല്ലത്തു നിന്നും കടപ്പാക്കട,കരിക്കോട് , കുണ്ടറ പേരയം,കടപുഴ, 8.45ന് നെൽപ്പുരക്കുന്ന് കോതപുരം കാരാളിമുക്ക് ശാസ്താംകോട്ട ഭരണിക്കാവ് ചക്കുവള്ളി പുതിയകാവ് വഴി 10. 40 ന് കായംകുളത്തും അവിടെ നിന്ന് 12.15ന് വണ്ടാനം മെഡിക്കൽ കോളേജിലും എത്തിച്ചേരും.വൈകിട്ട് തിരികെ ഇതേ റൂട്ടിൽ 1.15ന് വണ്ടാനത്തു നിന്നും പുറപ്പെടുന്ന ബസ് 2.45 ന് കായംകുളം, 3. 55ന് ഭരണിക്കാവ്, 4.30ന് നെൽപ്പുരക്കുന്ന്,5 10 ന് കുണ്ടറ 5.45 ന് കൊട്ടാരക്കരയിലും എത്തിച്ചേരും.
വാർത്ത തുണയായി
വെസ്റ്റ് കല്ലട ഗവ.ഹയർസെക്കൻഡറി സ്കൂൾ കുട്ടികളുടെയും നാട്ടുകാരുടെയും ദീർഘകാലത്തെ യാത്രാദുരിതത്തെക്കുറിച്ച് കേരളകൗമുദി നിരന്തരം വാർത്ത കൊടുത്തിരുന്നു.കഴിഞ്ഞ ജൂലായ് 29ന് കരുനാഗപ്പള്ളിയിൽ നിന്ന് നെൽപ്പുരക്കുന്ന് വഴി കൊല്ലത്തിന് രാവിലെയും വൈകിട്ടുമായി ഒരു ബസ് സർവീസ് ആരംഭിച്ചിരുന്നു. രാവിലെയും വൈകിട്ടുമുള്ള സ്കൂൾ കുട്ടികളുടെ തിക്കും തിരക്കും കാരണം മറ്റ് യാത്രക്കാർക്ക് ഇതിൽ കയറിപ്പറ്റുവാൻ ഇടമില്ലാതെയായി. അങ്ങനെയാണ് പുതിയ സർവീസ് അനുവദിച്ചത്.
അവധി ദിവസങ്ങളിലും സർവീസ് വേണം
ദിവസ വരുമാനത്തിൽ വൻവർദ്ധനവാണ് നിലവിലെ റൂട്ടിൽ കെ.എസ്.ആർ.ടി.സിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. ബസ് സർവീസ് തീരെയില്ലാത്ത കല്ലടയിൽ അവധി ദിവസങ്ങളിൽ സർവീസ് ക്യാൻസൽ ചെയ്യുന്നത് നാട്ടുകാരിൽ ഏറെ പ്രതിഷേധങ്ങൾക്ക് ഇടയാക്കുന്നുണ്ട്.പുതിയ സർവീസുകൾ സ്കൂൾ കുട്ടികളുടെയും നാട്ടുകാരുടെയും താത്കാലിക യാത്രാദുരിതത്തിന് ഒരു പരിധി വരെ പരിഹാരമായി.