കൊല്ലം: സംവി​ധായകൻ വി​.കെ. പ്രകാശി​നെതി​രെ ലൈംഗി​കാതി​ക്രമ പരാതി​ നൽകി​യ വനിത തിരക്കഥാകൃത്തുമായി​ പൊലീസ് ഇന്നലെ കൊല്ലത്തെ ഹോട്ടലി​ൽ തെളി​വെടുപ്പ് നടത്തി​. പരാതിയിൽ പറയുന്ന ദിവസം, ഹോട്ടലി​ലെ സന്ദർശക രജിസ്റ്ററിൽ സംവിധായകൻ വി.കെ.പ്രകാശിന്റെ പേരുള്ളതായി സൂചനയുണ്ട്.

നാലാം നിലയിൽ രണ്ടുമുറികളാണ് എടുത്തിരുന്നത്. ഇതിൽ ഒരു മുറി വി.കെ. പ്രകാശിന്റെ പേരിലും മറ്റൊന്ന് അദ്ദേഹം പറഞ്ഞതിന്റെ അടിസ്ഥാനത്തിലും എടുത്തെന്നാണ് വിവരം. ലൈംഗികാതിക്രമം നടന്ന മുറി പരാതിക്കാരി പൊലീസിന് കാട്ടി​ക്കൊടുത്തു. പരാതിയിൽ ആരോപിക്കുന്ന ദിവസം വി.കെ.പ്രകാശ് ഹോട്ടലിൽ ഉണ്ടായിരുന്നോ എന്നത് സ്ഥിരീകരിക്കേണ്ടതുണ്ട്. കൂടുതൽ വ്യക്തതയ്ക്കായി സി.സി.ടി.വി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള തെളിവുകൾ പൊലീസ് ശേഖരിക്കും. ഹോട്ടലിലെ രേഖകൾ തെളിവായി സ്വീകരിക്കും. അടുത്ത ദിവസം തന്നെ പരാതിക്കാരിയുടെ രഹസ്യ മൊഴി രേഖപ്പെടുത്തും .

2022 ഏപ്രിലിൽ കഥ കേൾക്കാനായി തന്നെ ഹോട്ടൽ മുറിയിലേക്ക് വിളിച്ചുവരുത്തി വി.കെ.പ്രകാശ് ഉപദ്രവിക്കാൻ ശ്രമിക്കുകയായിരുന്നു എന്നാണ് യുവതി ആരോപിക്കുന്നത്. കൊല്ലം പള്ളിത്തോട്ടം പൊലീസാണ് കേസെടുത്തത്.