കരുനാഗപ്പള്ളി : ക്ലാപ്പന ഇ.എം.എസ് ലൈബ്രറി ഏർപ്പെടുത്തിയ ഓണാട്ടുകര പ്രതിഭാ പുരസ്കാര സമർപ്പണവും തോപ്പിൽ ഭാസി ജന്മശതാബ്ദി ആഘോഷവും വിവിധ പരിപാടികളോടെ സംഘടിപ്പിക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കാർഷിക മേഖലയിലെ സമഗ്ര സംഭാവനകൾ പരിഗണിച്ച് കരുനാഗപ്പള്ളി ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ അദ്ധ്യാപകൻ വി.രഘുത്തമൻ ഓണാട്ടുകര പ്രതിഭാ പുരസ്കാരം സമ്മാനിക്കും. 11,111 രൂപയും ശില്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. അദ്ധ്യാപനത്തോടൊപ്പം കാർഷിക വൃത്തിയും സ്വന്തം ആലയിൽ നിന്ന് പണിയായുധങ്ങൾ നിർമ്മിച്ചെടുക്കുന്നതിലും കാലി വളർത്തൽ, നാടൻ കൃഷി രീതികളുടെ പ്രചാരണം എന്നിവയിലും വേറിട്ട മാതൃകകൾ സൃഷ്ടിച്ച അദ്ധ്യാപകനാണ് വി.രഘുത്തമൻ എന്ന് അവാർഡ് കമ്മിറ്റി വിലയിരുത്തി. ഓണാട്ടുകരയുടെ വിപ്ലവ നായകൻ തോപ്പിൽഭാസിയുടെ ജന്മ ശതാബ്ദിയോടനുബന്ധിച്ച് പൊന്നരിവാളമ്പിളിയിൽ കണ്ണെറിഞ്ഞ നൂറു വർഷങ്ങൾ എന്ന പേരിൽ 17ന് സംഘടിപ്പിക്കുന്ന പ്രത്യേക പരിപാടിയിൽ പ്രമുഖ വ്യക്തികൾ പങ്കെടുക്കുമെന്നും സംഘാടകർ പറഞ്ഞു. തോപ്പിൽഭാസിയുടെ മക്കളായ സോമനും മാലയും വിശിഷ്ടാതിഥികളായി പങ്കെടുക്കും. തുടർന്ന് കെ.പി.എ.സിയുടെ ഒളിവിലെ ഓർമ്മകൾ എന്ന നാടകത്തിന്റെ അവതരണവും ഉണ്ടാകും. വാർത്താസമ്മേളനത്തിൽ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.വിജയകുമാർ, ജില്ലാ ലൈബ്രറി കൗൺസിൽ എക്സിക്യുട്ടീവ് കിറ്രി അംഗം വി.പി.ജയപ്രകാശ് മേനോൻ, ഗ്രന്ഥശാല പ്രസിഡന്റ് ജി.അനിത, സെക്രട്ടറി ആർ.മോഹനൻ എന്നിവർ പങ്കെടുത്തു.