കൊല്ലം: കഴിഞ്ഞദിവസം എം.മുകേഷ് എം.എൽ.എയുടെ രാജി ആവശ്യപ്പെട്ട് നടന്ന മാർച്ചിലെ സംഘർഷവുമായി ബന്ധപ്പെട്ട് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയ യൂത്ത്കോൺഗ്രസ് നേതാക്കൾക്ക് കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. ഇന്ന് ഉച്ചവരെയാണ് മജിസ്ട്രേറ്റ് ജാമ്യം അനുവദിച്ചത്. ഉച്ചയ്ക്ക് ശേഷം വീണ്ടും നേതാക്കൾ കോടതിയിൽ ഹാജരാകണം.
യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് റിയാസ് ചിതറ, ഷെഫീക്ക് ചെന്താപ്പൂര് എന്നിവരാണ് കീഴടങ്ങിയത്. ഇവരെ കോടതിയിൽ ഹാജരാക്കുമ്പോൾ സംസ്ഥാന വൈസ് പ്രസിഡൻറ് വിഷ്ണു സുനിൽ പന്തളം, ഡി.സി.സി ജനറൽ സെക്രട്ടറി ഫൈസൽ കുളപ്പാടം, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ചൈത്ര ഡി.തമ്പാൻ, സംസ്ഥാന സെക്രട്ടറിമാരായ ആരിഫ്, ശരത്ത് പട്ടത്താനം, ജില്ലാ ജനറൽ സെക്രട്ടറി ഷമീർ, ബ്ലോക്ക് പ്രസിഡന്റ് ഹസ്‌ന ഹർഷാദ്, വിപിൻ ജോസ് തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു. നേതാക്കൾക്ക് വേണ്ടി അഡ്വ. എം.എസ്. അജിത്ത് ഹജരായി.
 ദാസ്യപ്പണി പൊലീസ് അവസാനിപ്പിക്കണം
സി.പി.എമ്മിന് ദാസ്യപ്പണി ചെയ്യുന്നത് പൊലീസ് അവസാനിപ്പിക്കണമെന്നും ദാസ്യപ്പണിയുടെ ഒടുവിലത്തെ ഉദാഹരണമാണ് കഴിഞ്ഞദിവസത്തെ മാർച്ചിൽ ഉണ്ടായതെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വിഷ്ണു സുനിൽ പന്തളം ആരോപിച്ചു. മർദ്ദേനമേറ്റ, പ്രവർത്തകർക്കെതിരെ കേസെടുത്ത നടപടി പ്രതിഷേധാർഹമാണ്. യൂത്ത് കോൺഗ്രസ് പ്രവർത്തകർ പൊലീസിനെ ആക്രമിച്ചിട്ടില്ല. യാതൊരു പ്രകോപനവും ഇല്ലാതെയാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നിർദ്ദേശാനുസരണം പ്രവർത്തകരെയും ഒപ്പം മാദ്ധ്യമപ്രവർത്തകരെയും ക്രൂരമായി ആക്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു.