തൊടിയൂർ: ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് 9ന് നടത്താൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ വിജ്ഞാപനം പുറപ്പെടുവിച്ചു. സഹ.സംഘം അസി.രജിസ്ട്രാർ (ജനറൽ) കരുനാഗപ്പള്ളി ആണ് റിട്ടേണിംഗ് ഓഫീസർ. പഞ്ചായത്ത് ഓഫീസിൽ രാവിലെ 11നാണ് തിരഞ്ഞെടുപ്പ്. എൽ.ഡി.എഫ് ഭരണത്തിലായിരുന്ന പഞ്ചായത്തിൽ വൈസ് പ്രസിഡന്റായിരുന്ന സി.പി.എമ്മിലെ സലീം മണ്ണേൽ അന്തരിച്ചതിനെ തുടർന്ന് നടന്ന ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥി നജീബ് മണ്ണേൽ വിജയിക്കുകയും എൽ.ഡി.എഫിന്റെ ഭൂരിപക്ഷം നഷ്ടപ്പെടുകയും ചെയ്തിരുന്നു. ഇതിനെത്തുടർന്ന് പഞ്ചായത്ത് പ്രസിഡന്റായിരുന്ന സി.പി.ഐയിലെ ബിന്ദുരാമചന്ദ്രനെതിരെ യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായതോടെ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞുകിടക്കുകയായിരുന്നു. സലീം മണ്ണേലിന്റെ മരണത്തെത്തുടർന്ന് നടന്ന വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ കോൺഗ്രസ് അംഗം തൊടിയൂർ വിജയൻ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇപ്പോൾ വൈസ് പ്രസിഡന്റാണ് പ്രസിഡന്റിന്റെ ചുമതല നിർവഹിച്ചു വരുന്നത്. ഒരംഗത്തിന്റെ ഭൂരിപക്ഷത്തിലായിരുന്നു എൽ.ഡി.എഫ് നേരത്തെ ഭരണം നടത്തിവന്നത്. ഇപ്പോൾ യു.ഡി.എഫ് ഭരണത്തിൽ എത്തുന്നതും ഒരംഗങ്ങത്തിന്റെ ഭൂരിപക്ഷത്തിൽ തന്നെ. 23 അംഗ പഞ്ചായത്തിൽ നിലവിൽ യു.ഡി.എഫ് (കോൺഗ്രസ്) 12, എൽ.ഡി.എഫ് 11( സി.പി.എം 7, സി.പി.ഐ 4) എന്നിങ്ങനെയാണ് അംഗബലം. പ്രസിഡന്റ് സ്ഥാനം വനിത സംവരണമായ പഞ്ചായത്തിൽ കോൺഗ്രസിലെ ബിന്ദുവിജയകുമാറായിരിക്കും യു.ഡി.എഫിന്റെ പ്രസിഡന്റ് സ്ഥാനാർത്ഥി .