കരുനാഗപ്പള്ളി: ബ്രാഞ്ച് സമ്മേളനങ്ങൾ നടത്തുന്നതിന് തീയതി നിശ്ചയിക്കുവാൻ ചേർന്ന സി.പി.എം കുലശേഖരപുരം നോർത്ത് ലോക്കൽ കമ്മിറ്റി യോഗത്തിൽ അംഗങ്ങൾ തമ്മിൽ കൈയ്യാങ്കളിയും വാക്കേറ്റവും. മുതിർന്ന ലോക്കൽകമ്മിറ്റി അംഗം രവീന്ദ്രനെയാണ് കൈയ്യേറ്റം ചെയ്തത്. ലോക്കൽ കമ്മിറ്റി സെക്രട്ടറിയായിരിക്കെ വാഹനാപകടത്തിൽ മരണപ്പെട്ട സി.പി.ഉണ്ണിയുടെ വാഹനാപകടക്കേസിൽ പ്രതിഭാഗത്തിന് അനുകൂലമായി മൊഴി നൽകി കേസ് അട്ടിമറിക്കുന്നതിന് കൂട്ട് നിന്ന ലോക്കൽ കമ്മിറ്റി അംഗം അപ്പുക്കുട്ടനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടതാണ് പ്രകോപനത്തിന് കാരണം. കഴിഞ്ഞ പത്ത് വർഷമായി കമ്മിറ്റിയിൽ വരവ് ചെലവ് കണക്ക് അവതരിപ്പിക്കാത്തതും കുലശേഖരപുരത്തെ സാമാന്തര ഡി.വൈ. എഫ്. എഫ്. ഐ പ്രവർത്തനവും ചില അംഗങ്ങൾ ചൂണ്ടിക്കാട്ടി. പാർട്ടി ജില്ലാ കമ്മിറ്റി അംഗം പി. ആർ .വസന്തന്റെ ഒത്താശയിലാണ് ഇതെല്ലാം നടക്കുന്നതെന്ന് ചില അംഗങ്ങൾ ആരോപിച്ചു. കമ്മിറ്റി പൂർത്തീകരിക്കുവാൻ കഴിഞ്ഞില്ല. കഴിഞ്ഞ ലോക് സഭ തിരഞ്ഞെടുപ്പിൽ പാർട്ടി ശക്തി കേന്ദ്രവും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന എൻ. എസിന്റെ ജന്മനാടുമായ കുലശേഖരപുരത്ത് സി.പി.എം മൂന്നാം സ്ഥാനത്തായിരുന്നു. ബി.ജെ.പി യാണ് ഒന്നാം സ്ഥാനത്ത്. പാർട്ടിയിൽ ജാതി വിവേചനം ഉൾപ്പെടെയുള്ള വിഷയങ്ങൾ അതി രൂക്ഷമാണ് ഈഴവ വിഭാഗം കൂടുതലുള്ള പ്രദേശമാണ്. നായർ സമുദായത്തിന് നിർണായക പ്രാതിനിദ്ധ്യമുണ്ട്. ലോക്കൽ കമ്മിറ്റി സെക്രട്ടറിയുടെ വാർഡിൽ ബി.ജെ.പി ആണ് മുന്നിൽ. ഓരോ ദിവസം അനുഭാവികൾ മുതൽ പാർട്ടി അംഗങ്ങൾ വരെ പാർട്ടി വിട്ടുപോവുകയാണെന്നും പാർട്ടിക്കകത്തെ ചേരിതിരിഞ്ഞുള്ള വിഭാഗീയ പ്രവർത്തനവും ഒപ്പം ജാതി വിവേചനവും അണികളെ വല്ലാതെ വേദനിപ്പിക്കുന്നതായി അംഗങ്ങൾ ചർച്ചയിൽ പരാതിപെട്ടു.