കൊല്ലം: പ്രവാസിയായ പൂത്തൂർ തേവലപ്പുറം വിപഞ്ചികയിൽ സുരേഷ്കുമാറിന്റെ പുരയിടത്തിൽ നിന്ന് തേക്കും വട്ടയും ഉൾപ്പെടെ നൂറോളം മരങ്ങൾ മുറിച്ച് കടത്തിയതുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണം കാര്യക്ഷമമാക്കാതെ പൊലീസ്. പരവൂർ അമ്മാരത്ത് മുക്കിലുള്ള ഒരേക്കർ ഭൂമിയിലെ മൂന്നു വലിയ തേക്കുകൾ ഉൾപ്പെടെയാണ് അഞ്ചു മാസം മുമ്പ് മുറിച്ചുകൊണ്ടു പോയത്. രണ്ടു ലക്ഷത്തിലധികം രൂപയുടെ നഷ്ടമുണ്ടായി. ജില്ലാ പൊലീസ് മേധാവിക്കും ചാത്തന്നൂർ എ.സി.പി ഓഫീസിലും പാരിപ്പള്ളി പൊലീസിലുമുൾപ്പെടെ പരാതി നൽകിയിട്ടും നടപടിയില്ലെന്ന് സുരേഷ് കുമാർ പറയുന്നു.
കഴിഞ്ഞ ഏപ്രിൽ 25നാണ് സംഭവം. ഫാക്ടറി തുടങ്ങുന്നതിനായി വർഷങ്ങൾക്ക് മുമ്പാണ് സ്ഥലം വാങ്ങിയത്. താമസം പൂത്തുരിലായിരുന്നതിനാൽ സ്ഥലത്തിന്റെ അയൽവാസിയായ സുരേഷ് എന്നയാളെയാണ് നോക്കാൻ ഏൽപ്പിച്ചിരുന്നത്. പിന്നീടൊരിക്കൽ, വിൽപ്പനയുമായി ബന്ധപ്പെട്ട് സ്ഥലം കാണാനെത്തിയവരാണ്, പുരയിടത്തിലെ മരങ്ങളെല്ലാം മുറിച്ച് മാറ്റിയ വിവരം സുരേഷ്കുമാറിനെ അറിയിക്കുന്നത്. സ്ഥലം നോക്കാനേൽപ്പിച്ചയാളെ ബന്ധപ്പെട്ടപ്പോൾ സുരേഷ്കുമാർ അയച്ച ആളുകളാണെന്നായിരുന്നു കരുതിയതെന്നാണ് ഇയാൾ നൽകിയ മറുപടി. മരം മുറിച്ചവരെ അറിയില്ലെന്നും പറഞ്ഞു. ഉടൻതന്നെ ചാത്തന്നൂർ എ.സി.പി ഓഫീസിൽ ഇയാളുടെ പേര് ഉൾപ്പെടെ നൽകി പരാതിപ്പെട്ടു. രണ്ട് ദിവസത്തിന് ശേഷം എ.സി.പി ഓഫീസിലെത്തിയപ്പോൾ പരാതി പാരിപ്പള്ളി പൊലീസിന് കൈമാറിയെന്ന് മറുപടി നൽകി. പാരിപ്പള്ളി സ്റ്റേഷനിൽ പരാതി ലഭിച്ചിട്ടും പരാതിയിൽ ഉന്നയിച്ചിരുന്ന ആളെ വിളിപ്പിക്കുകയോ കാര്യമായ അന്വേഷണം നടത്തുകയോ സി.സി.ടി.വി ദൃശ്യങ്ങൾ ശേഖരിക്കുകയോ ചെയ്തില്ല. തുടർന്ന് പാരിപ്പള്ളി പൊലീസിൽ സുരേഷ് കുമാർ വിവരാവകാശം നൽകി. കേസെടുത്തിട്ടില്ല എന്നായിരുന്നു മറുപടി. ജൂൺ 21ന് ജില്ലാ പൊലീസ് മേധാവിക്ക് രേഖാമൂലം പരാതി നൽകി. എന്നാൽ രണ്ട് മാസമായിട്ടും പരാതിയെക്കുറിച്ച് അന്വേഷിക്കാനോ വിവരങ്ങൾ അറിയിക്കാനോ പൊലീസ് തയ്യാറായിട്ടില്ല.
എന്റെ പുരയിടത്തിന് സമീപം സി.പി.എം നേതാവിന്റെ 60 സെന്റിൽ മരങ്ങളുണ്ട്. എന്നാൽ ഇവിടെ നിന്ന് ഒന്നുപോലും നഷ്ടമായിട്ടില്ല. കേസ് മുന്നോട്ട് പോകാത്തതിന് കാരണം രാഷ്ട്രീയ ഇടപെടലാണോയെന്ന് സംശയമുണ്ട്. നിയമ നടപടികളുമായി മുന്നോട്ട് പോകും
സുരേഷ് കുമാർ