പേരയം: പേരയം ഗ്രാമപഞ്ചായത്ത് പരിധിയിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കാൻ പഞ്ചായത്ത് ഭരണസമിതി യോഗം തീരുമാനിച്ചു. പഞ്ചായത്ത് തലം മുതൽ വാർഡ്തല കുടുംബ യൂണിറ്റുകൾ വരെ നടപ്പാക്കേണ്ട ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെയും ബോധവത്കരണ പരിപാടികളുമടക്കമുള്ള കർമ്മ പദ്ധതികളുടെയും കരട് മാർഗ്ഗരേഖ യോഗം ചർച്ച ചെയ്തു. കുണ്ടറ പൊലീസ്, കൊല്ലം എക്സൈസ് സർക്കിൾ ഓഫീസ് ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു. സെപ്തംബറിൽ ലഹരി വിരുദ്ധ ജനകീയ കൺവെൻഷൻ പഞ്ചായത്ത് തലത്തിൽ സംഘടിപ്പിക്കും. കൺവെൻഷനിൽ പഞ്ചായത്ത് തലത്തിൽ നടപ്പാക്കുന്ന ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ മാർഗരേഖ ചർച്ച ചെയ്ത് അംഗീകരിക്കും. പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. അനീഷ് പടപ്പക്കര അദ്ധ്യക്ഷത വഹിച്ചു. കുണ്ടറ പൊലീസ് സബ് ഇൻസ്പെക്ടർ അംബരീഷ്, എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ബിനുലാൽ, മനോജ് ലാൽ, പഞ്ചായത്ത് സെക്രട്ടറി ജി.ജ്യോതിഷ് കുമാർ, വൈസ് പ്രസിഡന്റ് റെയ്ച്ചൽ ജോൺസൺ, വിവിധ സ്ഥിരം സമിതി അദ്ധ്യക്ഷരായ ബി. സ്റ്റാഫോർഡ്, എൻ. ഷേർളി, ലതാ ബിജു, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഷാജി വട്ടത്തറ, പി. രമേശ് കുമാർ, ആലിസ് ഷാജി, രജിത, വിനോദ് പാപ്പച്ചൻ, വൈ. ചെറുപുഷ്പം, ബി സുരേഷ് എന്നിവർ സംസാരിച്ചു.