കിളികൊല്ലൂർ: എസ്.എൻ.ഡി.പി യോഗം അറുനൂറ്റിമംഗലം 2170-ാം നമ്പർ ശാഖാ മന്ദിരത്തോട് ചേർന്നുള്ള ഗുരുമന്ദിരത്തിൽ മോഷണം തുടർക്കഥയായി. ഗുരുമന്ദിരാങ്കണത്തിൽ ചുറ്റുമതിലിനാട് ചേർന്ന് സ്ഥാപിച്ച വഞ്ചി കുത്തിത്തുറന്ന് പണം കവർന്നു. ഗുരുദേവ പ്രതിഷ്‌ഠയ്‌ക്ക് മുന്നിൽ വച്ചിരുന്ന വഞ്ചി എടുത്തുകൊണ്ട് പോകുകയും ചെയ്‌തു. ജൂലായ് ഒന്നിനും സെപ്‌തംബർ ഒന്നിനും അർദ്ധരാത്രിക്ക് ശേഷമാണ് രണ്ട് സംഭവങ്ങളുമുണ്ടായത്. മാസാദ്യം വഞ്ചി തുറന്ന് പണം എണ്ണി തിട്ടപ്പെടുത്തി മാറ്റും എന്ന് കരുതിയാകാം രണ്ട് മോഷണങ്ങളും ഒന്നാം തീയതി നടത്തിയതെന്ന് സംശയിക്കുന്നു. കിളികൊല്ലൂർ പൊലീസിൽ പരാതി നൽകിയെങ്കിലും പട്രോളിംഗ് കാര്യക്ഷമമല്ലെന്ന് ശാഖാ സെക്രട്ടറി എസ്. സുധീർ പറഞ്ഞു.