തഴവ: ആളുകൾക്ക് നടക്കാൻ പോലും പറ്റാത്തവിധം തകർന്നിരിക്കുകയാണ് ഉൾനാടൻ റോഡുകൾ. മഴക്കാലമായാൽ പറയുകയേവേണ്ട വല്ലാത്ത യാത്രാ ദുരിതം തന്നെ. പതിനായിരക്കണക്കിന് ഗ്രാമവാസികളാണ് പ്രതിസന്ധിയനുഭവിക്കുന്നത്. തഴവ കുലശേഖരപുരം പഞ്ചായത്തുകളിലെ ഏതാണ്ട് 80 ശതമാനത്തോളം ഉൾനാടൻ റോഡുകളും പ്രധാന ഗ്രാമീണ റോഡുകളും തകർന്ന് ഗതാഗതയോഗ്യമല്ലാത്ത അവസ്ഥയിലാണ്.
അപകടക്കെണികളായ റോഡുകൾ
പ്ലാൻ ഫണ്ട് കുറഞ്ഞു , കരാറുകാർ ഏറ്റെടുക്കാതെയയായി
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ലഭിക്കുന്ന പ്ലാൻ ഫണ്ടിൽ നിന്ന് പരമാവധി 25 ശതമാനം തുക മാത്രമാണ് റോഡ് നിർമ്മാണ പ്രവർത്തനങ്ങൾക്കും അറ്റകുറ്റപ്പണികൾ ഉൾപ്പടെയുള്ള പുനർനിർമാണ പ്രവൃർത്തികൾക്കും വിനിയോഗിക്കുവാൻ കഴിയുന്നത്. എന്നാൽ കൊവിഡിന് ശേഷം ലഭ്യമായിക്കൊണ്ടിരുന്ന പ്ലാൻ ഫണ്ടിൽ എതാണ്ട് 30 ശതമാനം വരെ കുറവാണുണ്ടായത്. ഇത് റോഡ് വികസനത്തെ ഗുരുതരമായി ബാധിച്ചതായി അധികൃതർ പറയുന്നു.
കൂടാതെ ഫ്ലഡ് ,ഫിഷറീസ് വകുപ്പ് എന്നിവിടങ്ങളിൽ നിന്ന് മുൻകാലങ്ങളിൽ ലഭിച്ചുകൊണ്ടിരുന്ന കോടിക്കണക്കിന് രൂപയാണ് രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി കാരണം ഇപ്പോൾ തദ്ദേശ സ്ഥാപനങ്ങൾക്ക് നഷ്ടമായത്. കൊവിഡിനെ തുടർന്ന് ഒരു വർഷത്തിലധികം എം.എൽ.എ ,എം.പി ഫണ്ടുകൾ ലഭിക്കാതിരുന്നത് പഞ്ചായത്തുകളെ പശ്ചാത്തല മേഖലയിൽ പിന്നോട്ടടിച്ചതായും പരാതിയുണ്ട്. തുടർച്ചയായ ട്രഷറി നിയന്ത്രണം കാരണം ബില്ല് പാസാക്കിയെടുക്കുവാൻ കഴിയാതെ വന്നതോടെ പല വർക്കുകളും കരാറുകാർ പാതിവഴിയിൽ ഉപേക്ഷിച്ചു പോകുകയാണ്. കൂടാതെ പുതിയ പ്രവൃത്തികൾ ഏറ്റെടുക്കുന്നതിൽ കരാറുകാർ കാണിക്കുന്ന വിമുഖതയും വെല്ലുവിളിയായി.