പടിഞ്ഞാറെ കല്ലട : കണ്ണങ്കാട്ടുകടവിന് സമീപം വള്ളകടവിനോട് ചേർന്ന് കല്ലടയാറ്റിൽ കോഴി മാലിന്യവും ഹോട്ടൽ മാലിന്യവും തള്ളി. ഇന്നലെ വെളുപ്പിനെയാണ് സംഭവം. നീല നിറത്തിലുള്ള പെട്ടി ഓട്ടോ വാഹനത്തിലാണ് മാലിന്യം തള്ളിയതെന്ന് സി.സി .ടി .വിയിൽ നിന്ന് മനസിലാക്കിയിട്ടുണ്ട്. കല്ലടയാറിനോട് ചേർന്ന് തള്ളിയ മാലിന്യം ഹെൽത്ത് വകുപ്പും പഞ്ചായത്തും ഇടപെട്ട് ജെ.സി.ബി ഉപയോഗിച്ച് നീക്കി കുഴിയെടുത്ത് സംസ്കരിച്ചു. സംഭവത്തിൽ അധികൃതർ ശാസ്താംകോട്ട പൊലീസിൽ പരാതി നൽകി. കുറ്റവാളികളെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കുമെന്ന് ശാസ്താംകോട്ട എസ്.എച്ച്. ഒ രാജേഷ് അറിയിച്ചു.