സേലം: തൊഴിലാളി സമൂഹത്തിന്റെ അവകാശങ്ങളോട് നിരന്തരം നിഷേധാത്മക സമീപനം പുലർത്തുന്ന കേന്ദ്രസർക്കാർ കാലാവധി തികയ്ക്കില്ലെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി പറഞ്ഞു. യു.ടി.യു.സി ദേശീയ സമ്മേളന റാലിയും പൊതുസമ്മേളനവും സേലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കർഷക സമരത്തിന് സമാനമായി ഡൽഹിയെ സ്തംഭിപ്പിക്കുന്ന തൊഴിലാളി വർഗ്ഗ മുന്നേറ്റത്തിലൂടെ ലേബർ കോഡും സാമൂഹ്യ സുരക്ഷാ കോഡും റദ്ദ് ചെയ്യാൻ തൊഴിലാളികളുടെ സംയുക്ത സമരമാണ് അനിവാര്യം. മോദിസർക്കാരിനെ മുട്ടുകുത്തിച്ച കർഷക സമരത്തിനു സമാനമായ സന്ധിയില്ലാത്ത സമരമാണ് തൊഴിലാളി സംഘടനകളുടെ ഉത്തരവാദിത്വമെന്നും അദ്ദേഹം പറഞ്ഞു. സമ്മേളനത്തിന് മുന്നോടിയായി ഷെവൈപേട്ട് ഫയർ സ്റ്റേഷൻ ജംഗ്ഷനിൽ നിന്നാരംഭിച്ച റാലി കോട്ടൈ മൈതാനത്ത് സമാപിച്ചു. ആർ.എസ്.പി തമിഴ്‌നാട് സംസ്ഥാന സെക്രട്ടറി ജീവാനന്ദം അദ്ധ്യക്ഷത വഹിച്ചു. ആർ.എസ്.പി കേന്ദ്ര കമ്മിറ്റിയംഗം രാജ ആശിർവാദം, യു.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി ഷെയ്ക്കിഴാർ, സെക്രട്ടറി സി. കളിയമൂർത്തി, പ്രസിഡന്റ് വി. രാജേന്ദ്രൻ, തമിഴ്‌നാട് ഇലക്ട്രിസിറ്റി ബോർഡ് എംപ്ലോയീസ് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് എസ്. മണികണ്ഠൻ എന്നിവർ സംസാരിച്ചു.