പൊലിക്കോട് : പൊലിക്കോട് ജംഗ്‌ഷനിൽ ട്രാഫിക് സിഗ്നൽ ഇല്ല. അതുകൊണ്ടുതന്നെ അപകടങ്ങളും തുടർക്കഥയാവുകയാണ്. പൊലിക്കോട് - അണ്ടൂർ , അറയ്‌ക്കൽ - തടിക്കാട്,എം.സി റോഡ് എന്നിങ്ങനെ വാഹന സാന്ദ്രതയേറിയ പാതകൾ കടന്ന് പോകുന്ന ജംഗ്‌ഷനിൽ കാൽനടക്കാരാണ് റോഡ് മുറിച്ച് കടക്കാൻ ഏറെ പ്രയാസപ്പെടുന്നത്.
മുതിർന്ന പൗരൻമാർക്കാണ് റോഡ് മുറിച്ച് കടക്കുന്നതിനിടെ അപകടം കൂടുതൽ സംഭവിക്കുന്നത്. ഈയിടെ വെയിറ്റിംഗ് ഷെഡിൽ ബസ് കാത്ത് നിൽക്കുകയായിരുന്നവർക്കിടയിലേക്ക് കാർ നിയന്ത്രണം വിട്ട് ഓടി കയറി 8 പേർക്ക് പരിക്കേറ്റു. ഇതിൽ 3 പേർ അതീവ ഗുരുതരാവസ്ഥയിലായി.
പഞ്ചായത്തും ഹൈവേ അധികൃതരും ഇടപെടണം
അമിത വേഗതയിൽ ജംഗ്‌ഷനിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങൾ നിയന്ത്രണം വിടുന്നത് തടയാൻ സിഗ്നൽ ലൈറ്റുകൾ സഹായകമാകുമെന്നാണ് നാട്ടുകാർ പറയുന്നത്.
ഉമ്മന്നൂർ പഞ്ചായത്തും പൊലീസും സ്‌റ്റേറ്റ് ഹൈവേ അധികൃതരും ഇടപെട്ട് സിഗ്നൽ സംവിധാനം സ്ഥാപിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്.
ഇടയം ഭാഗത്ത് നിന്ന് വാഹനങ്ങൾ അമിത വേഗതയിൽ റോഡിലേക്ക് പ്രവേശിക്കുന്നത് അപകടങ്ങൾക്ക് കാരണമാകുന്നു. നിവർന്ന് കിടക്കുന്ന റോഡിൽ ഹമ്പ് സ്ഥാപിക്കുന്നത് ഒരു പരിധി വരെ വേഗത നിയന്ത്രിക്കാനും അതുവഴി അപകടങ്ങൾ കുറയ്‌ക്കാനും സഹായകരമാകുന്നു.
വാളകം പൊലീസ് എയിഡ് പോസ്‌റ്റ് അധികൃതർ
ജംഗ്‌ഷനിലെ രണ്ട് വെയിറ്റിംഗ് ഷെഡിലേക്ക് വ്യത്യസ്‌ത സംഭവങ്ങളിലായി കാറുകൾ നിയന്ത്രണം വിട്ട് ഓടി കയറി. നിരവധി പേർക്ക് പരിക്കേറ്റു.കാൽനടക്കാരും റോഡ് മുറിച്ച് കടക്കാൻ സാഹസപ്പെടുന്നു.ട്രാഫിക് സിഗ്നൽ ഉടൻ സ്ഥാപിക്കണം.സ്‌റ്റേറ്റ് ഹൈവേ അധികൃതർ ഇടപെടണം.
അംബികാ ദേവി
പൊലിക്കോട് വാർഡ് മെമ്പർ