അറ്റകുറ്റപ്പണി നടത്താതെ കെൽട്രോൺ
കൊല്ലം: കളക്ടറേറ്റിലെ പഞ്ചിംഗ് യന്ത്രങ്ങൾ നെറ്റ്‌വർക്ക് തകരാർ കാരണം സ്തംഭിക്കുന്നത് പതിവായതോടെ, പ്രവർത്തിക്കുന്ന യന്ത്രങ്ങൾ കണ്ടെത്തി പഞ്ച് ചെയ്യാൻ വിവിധ നിലകളിലൂടെ ജീവനക്കാർ രാവിലെയും വൈകിട്ടും നെട്ടോട്ടമോടുന്നത് പതിവ് കാഴ്ചയായി. പരിപാലന കരാർ ഇല്ലാത്തതിനാൽ യന്ത്രങ്ങൾ സ്ഥാപിച്ച കെൽട്രോൺ അറ്റകുറ്റപ്പണിക്ക് തയ്യാറാകുന്നില്ല.
കളക്ടറേറ്റിൽ പ്രവർത്തിക്കുന്ന കോടതികളുടേത് ഒഴികെയുള്ള ഓഫീസുകൾക്കായി വിവിധ നിലകളിൽ 16 പഞ്ചിംഗ് യന്ത്രങ്ങളാണ് സ്ഥാപിച്ചിട്ടുള്ളത്. ഇതിൽ രണ്ടും മൂന്നും യന്ത്രങ്ങൾ മാത്രമാണ് പല ദിവസങ്ങളിലും പ്രവർത്തിക്കുന്നത്. രണ്ടര വർഷം മുൻപ് സ്ഥാപിച്ച യന്ത്രങ്ങളുടെ വാറണ്ടി കാലാവധി ആറ് മാസം മുൻപ് തീർന്നു. വാറണ്ടി കാലാവധിയിൽ കേടായ യന്ത്രങ്ങൾക്ക് പകരം പുതിയത് കെൽട്രോൺ സ്ഥാപിച്ചിരുന്നു. കാലാവധി കഴിഞ്ഞതോടെയാണ് നെറ്റ്‌വർക്ക് പ്രശ്നം രൂക്ഷമായത്. കെൽട്രോണുമായി പരിപാലന കരാർ ഉണ്ടാക്കാൻ സർക്കാരിനോട് പണം ആവശ്യപ്പെട്ട് മാസങ്ങളായെങ്കിലും ഇതുവരെ അനുവദിച്ചിട്ടില്ല.
വൈകിട്ട് അഞ്ചേകാൽ വരെയാണ് കളക്ടറേറ്റിലെ സർക്കാർ ഓഫീസുകളുടെ പ്രവർത്തന സമയം. പഞ്ചിംഗ് പ്രശ്നത്തിന്റെ പേരിൽ വലിയൊരു വിഭാഗം ജീവനക്കാർ അഞ്ചിന് മുൻപ് ഓഫീസിൽ നിന്നിറങ്ങും. രാവിലെ വൈകി പഞ്ച് ചെയ്യുന്നത് ഭാവിയിൽ അവധികൾ നഷ്ടപ്പെടാൻ ഇടയാക്കുമോയെന്ന ഭീതിയും ജീവനക്കാർക്കുണ്ട്.
 അവസരം മുതലാക്കുന്നു
പഞ്ചിംഗ് യന്ത്രങ്ങൾ തകരാറിലായത് മുതലെടുത്ത് ചില ജീവനക്കാർ ഓഫീസിൽ എത്താൻ വൈകുന്നതും നേരത്തെ മുങ്ങുന്നതും പതിവാക്കിയിട്ടുണ്ട്. ഇവർ പണ്ടത്തെപ്പോലെ മാനുവൽ രജിസ്റ്ററിൽ ഒപ്പിട്ട് ഹാജർ സംഘടിപ്പിക്കുകയാണ്.
................................
 കളക്ടറേറ്റിന്റെ പ്രവർത്തന സമയം: 10.15 - 5.15
 രാവിലെയും വൈകിട്ടും 10 മിനിറ്റ് ഗ്രേസ് സമയം
 16 പഞ്ചിംഗ് യന്ത്രങ്ങൾ
 ഭൂരിഭാഗവും തകരാറിൽ
 ഉപയോഗിക്കുന്നത് കെ സ്വാൻ നെറ്റ്‌വർക്ക്
 പ്രവർത്തിക്കുന്നവയ്ക്ക് മുന്നിൽ നീണ്ട ക്യു
 ഓഫീസുകൾ: 50
 ജീവനക്കാർ:1300
ആരോഗ്യ പ്രശ്നങ്ങളുള്ള ജീവനക്കാരടക്കം ഹാജർ രേഖപ്പെടുത്താൻ പല നിലകൾ കയറിയിറങ്ങേണ്ട അവസ്ഥയാണ്. പരാതിപ്പെട്ടിട്ടും നടപടിയില്ല
റവന്യു വകുപ്പ് ജീവനക്കാരൻ