അനധികൃത പാർക്കിംഗും വിന
കൊല്ലം: പുതിയകാവിൽ നിന്ന് പബ്ലിക്ക് ലൈബ്രറിയിലേക്കുള്ള റോഡ് തകർന്ന് മാസങ്ങളായിട്ടും നന്നാക്കാത്തതിനാൽ യാത്രക്കാർ . യാത്രക്കാർ ദുരിതത്തിൽ കോർപ്പറേഷന്റെ അധീനതയിലുള്ള റോഡാണിത്.
ഈ റോഡിന് സമീപത്തെ തീയറ്ററിന് മുന്നിലുള്ള ആഴമേറിയ കുഴി യാത്രക്കാർക്ക് അപകടഭീഷണി ഉയർത്തുന്നുണ്ട്. കനത്ത മഴയത്ത് കുഴികളിൽ വെള്ളം നിറഞ്ഞ് ഇരുചക്ര വാഹന യാത്രികർ അപകടർത്തിപ്പെടുന്നതും പതിവാണ്. പുതിയകാവ് ഭഗവതിക്ഷേത്രം, തീയറ്റർ, പൊലീസ് ക്ലബ്, പബ്ലിക്ക് ലൈബ്രറി, കെ.എസ്.ഇ.ബി എൻജിനിയറിംഗ് വിഭാഗം, ബാങ്കുകൾ എന്നിവിടങ്ങളിലേക്ക് പോകാനുള്ള എളുപ്പ മാർഗമായി ഈ റോഡാണ് ഉപയോഗിക്കുന്നത്. ക്ഷേത്രത്തിന്റെ മതിൽ അവസാനിക്കുന്ന ഭാഗം മുതൽ എസ്.എം.പി റോഡിലേക്ക് പ്രവേശിക്കുന്നിടം വരെ പലേടത്തും ടാർ ഇളകി കുഴി രൂപപ്പെട്ടു.
നൂറ് കണക്കിന് ആളുകളാണ് ക്ഷേത്രത്തിലേക്കും തിയേറ്ററിലേക്കുമായി ദിനംപ്രതി എത്തുന്നത്. റോഡിന് ഇരുവശത്തും അനധികൃതമായി വാഹനങ്ങൾ പാർക്ക് ചെയ്തിരിക്കുന്നതിനാൽ, വീതികുറഞ്ഞ റോഡിൽ എതിർവശത്ത് നിന്ന് വരുന്ന വാഹനത്തിന് സൈഡ് നൽകാനാവാത്ത അവസ്ഥയുണ്ട്. ഇതു മൂലം വാഹനങ്ങൾക്ക് കുഴിയിൽ വീഴാതെ പോകാനും കഴിയില്ല. സമീപത്തെ വ്യാപാരികളും യാത്രക്കാരും ഉൾപ്പെടെയുള്ളവർ, റോഡ് നന്നാക്കണമെന്ന് നിരവധി തവണ ആവശ്യപ്പെട്ടെങ്കിലും അധികൃതർ കേട്ടഭാവം നടിച്ചില്ല. രാത്രിയിൽ മതിയായ വെളിച്ചമില്ലാത്തതും അപകടക്കെണിയാവുന്നു. ക്ഷേത്രത്തിന് മുന്നിലൂടെയുള്ള റോഡ് അവസാനിക്കുന്നിടത്തെ എസ്.എം.പി റോഡിന്റെ അവസ്ഥ അഞ്ച് വർഷമായി ഇതിലും മോശമാണ്.
പ്രവേശനമില്ലാത്ത റോഡിൽ സ്വകാര്യ ബസുകൾ
സ്വകാര്യ ബസുകൾക്ക് പ്രവേശനമില്ലാത്ത പുതിയകാവ് റോഡിൽ ട്രിപ്പിനിടെയുള്ള സമയനഷ്ടം ഒഴിവാക്കാൻ ക്ഷേത്രത്തിൽ തിരക്കുള്ള സമയങ്ങളിൽ ഭക്തർക്കിടയിലൂടെ ബസുകൾ സഞ്ചരിക്കുന്നത് പതിവ് കാഴ്ചയാണ്. റോഡിന്റെ ശോചനീയാവസ്ഥ എത്രയും വേഗം പരിഹരിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
റോഡ് റീ ടാറിംഗ് നടത്താനുള്ള എസ്റ്റിമേറ്റ് നടപടികൾ പുരോഗമിക്കുകയാണ്. 2024-25 സാമ്പത്തിക വർഷത്തെ പ്രോജക്ടിൽ പുതിയകാവ് ക്ഷേത്രത്തിന് മുന്നിലുള്ള റോഡ് നന്നാക്കാൻനടപടികൾ സ്വീകരിക്കും.
അഡ്വ. എ.കെ. സവാദ്, ഡിവിഷൻ കൗൺസിലർ