പുത്തൂർ : കളിക്കാനും ചിരിക്കാനും പിന്നെ പഠിക്കാനുമായി പുത്തൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടിക്കൂട്ടത്തിന് ഒരു അടിപൊളി വർണ്ണക്കൂടാരം. ഇന്നലെ മന്ത്രി കെ.എൻ.ബാലഗോപാൽ കുട്ടികൾക്കായി തുറന്നുകൊടുത്തു. വെള്ളച്ചാട്ടവും ഗുഹയും ഊഞ്ഞാലും ഹരിതോദ്യാനവും പിന്നെ പഠന സാമഗ്രികളും കളിക്കോപ്പുകളുമെല്ലാം നിറഞ്ഞ വർണ്ണക്കൂടാരം പദ്ധതി പ്രീ പ്രൈമറി വിദ്യാഭ്യാസം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിന് ലക്ഷ്യമിട്ടാണ് എസ്.എസ്.കെയുടെ നേതൃത്വത്തിൽ നടപ്പാക്കിയത്. 10 ലക്ഷം രൂപയാണ് അനുവദിച്ചത്. ലഭ്യമായ തുകയേക്കാൽ കൂടുതൽ ചെലവിട്ടാണ് പദ്ധതി കൂടുതൽ മനോഹരമാക്കിയത്.
കുഞ്ഞുമനസുകൾക്ക് വികാസം
കുട്ടികളുടെ ശാരീരിക, മാനസിക, സാമൂഹിക, സർഗാത്മക കഴിവുകളുടെ വികസനത്തിന് സഹായകരമാകുന്ന പ്രവർത്തനങ്ങളാണ് വർണ്ണക്കൂടാരം ലക്ഷ്യമിടുന്നത്. കണ്ടറിഞ്ഞ് പഠിക്കാനും ചെയ്തു പഠിക്കുന്നതിനും സൗകര്യമുണ്ട്. ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് പഠനം കാര്യക്ഷമമാക്കാൻ കഴിയുന്ന ഒരിടമെന്ന സവിശേഷതയുമുണ്ട്. പ്രകൃതിയോട് കുട്ടികളെ കൂടുതൽ ചേർത്തു നിർത്തിക്കൊണ്ടുള്ള ഹരിതോദ്യാനവും ശാസ്ത്രബോധം വളർത്തുന്ന ശാസ്ത്ര ഇടവും നിർമ്മാണ പ്രക്രിയയിലൂടെ പഠനം സജീവമാക്കുന്ന നിർമ്മാണ ഇടവുമാണ് പ്രധാന ഭാഗങ്ങൾ. ഒരു കലാരൂപം സ്റ്റേജിൽ അവതരിപ്പിക്കുന്നതിന് ആവശ്യമായ സൗകര്യങ്ങളോടെയാണ് അരങ്ങ് സജ്ജമാക്കിയത്. അമ്യൂസ്മെന്റ് പാർക്കിനെപ്പോലെയാണ് പുറമെയുള്ള സജ്ജീകരണങ്ങൾ.
മന്ത്രി ഉദ്ഘാടനം
കുഞ്ഞുകുട്ടികൾക്കായി സ്കൂൾ വളപ്പിൽ തയ്യാറാക്കിയ വർണ്ണക്കൂടാരം മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ബിജു പൂവക്കര അദ്ധ്യക്ഷനായി. എസ്.എസ്.കെ ജില്ലാ പ്രോജക്ട് കോ-ഓർഡിനേറ്റർ സജീവ് തോമസ് പദ്ധതി വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ.പി.കെ.ഗോപൻ, വിദ്യാകിരണം ജില്ലാ കോ-ഓർഡിനേറ്റർ കിഷോർ കെ.കൊച്ചയ്യം, പ്രിൻസിപ്പൽ ബീന കുഞ്ഞച്ചൻ, ഹെഡ്മിസ്ട്രസ് എസ്.ലിനി, എ.അജി, കോട്ടയ്ക്കൽ രാജപ്പൻ, സോണിയ വർഗീസ്, വി.കെ.മോഹനൻ പിള്ള, ശ്രീലത, ഹരികുമാർ, ഷാജി.എം.ജോൺ എന്നിവർ പങ്കെടുത്തു.