aa
അനന്തു

കരുനാഗപ്പള്ളി : കല്ലേലിഭാഗം സ്വദേശിയെ വീട്ടിൽ അതിക്രമിച്ച് കയറി ആക്രമിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ. ശൂരനാട് സൗത്ത് ഇരുവിച്ചിറ നടുവിൽ കൈലാസം വീട്ടിൽ അനന്തു(26) ആണ് കരുനാഗപ്പള്ളി പൊലീസിന്റെ പിടിയിലായത്.

അനന്തുവിന്റെ സുഹൃത്തായ അരുണിന്റെ അറുപത് വയസുള്ള അമ്മാവനെയാണ് അനന്തുവും അരുണും ഇവരുടെ മറ്റൊരു സുഹൃത്തായ അമലും ചേർന്ന് ആക്രമിച്ചത്. മുൻ വിരോധത്താൽ കഴിഞ്ഞ ജൂലായ് 23ന് രാത്രി 7.30ന് ഇയാളുടെ വീട്ടിൽ അതിക്രമിച്ച് കയറിയ പ്രതികൾ അസഭ്യം പറയുകയും വീടിന്റെ ജനാല ചില്ലുകൾ തല്ലി തകർക്കുകയും ആക്രമിക്കുകയുമായിരുന്നു. കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ച കരുനാഗപ്പള്ളി പൊലീസ് പ്രതികളെ തിരിച്ചറിയുകയും അക്രമി സംഘത്തിൽ ഉൾപ്പെട്ട മാലുമ്മൽ സ്വദേശി അമലിനെ പിടികൂടുകയും ചെയ്തിരുന്നു.

മറ്റ് പ്രതികൾക്കായുള്ള തെരച്ചിൽ നടത്തുന്നതിനിടയിലാണ് അനന്തു പിടിയിലായത്. കഴിഞ്ഞ ഏപ്രിൽ 14ന് ശൂരനായ് സ്വദേശിയായ യുവാവിനെ ക്ഷേത്രത്തിലെ ഉത്സവത്തിനിടയിൽ അക്രമിച്ച കേസിലെയും പ്രതിയാണ് അനന്തു. കരുനാഗപ്പള്ളി എ.സി.പി വി.എസ് പ്രതീപ് കുമാറിന്റെ മേനോട്ടത്തിൽ കരുനാഗപ്പള്ളി പൊലീസ് ഇൻസ്പെക്ടർ ബിജു ,എസ്.ഐ മാരായ ഷമീർ, ഷാജിമോൻ, എ.എസ്.ഐ തമ്പി എസ്.സി.പി.ഒ മാരായ ഹാഷിം, രാജീവ് കുമാർ സി.പി.ഓ നൗഫൻജൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.