കൊട്ടാരക്കര: മഞ്ഞയും ചുവപ്പും നിറങ്ങളിൽ ബന്ദിപ്പൂക്കൾ, വട്ടമിട്ട് പറക്കുന്ന ഓണത്തുമ്പികൾ, വണ്ടും ശലഭങ്ങളും വേറെ... കോട്ടാത്തലയിൽ ഓണക്കാല വസന്തോത്സവമെത്തിയതിന്റെ സന്തോഷം. കൊല്ലം പ്രിൻസിപ്പൽ കൃഷി ഓഫീസിലെ സൂപ്രണ്ടും കേരള അഗ്രികൾച്ചറൽ മിനിസ്റ്റീരിയൽ സ്റ്റാഫ് അസോസിയേഷൻ ജില്ലാ ഭാരവാഹിയുമായ കോട്ടാത്തല പണയിൽ ശ്രീഭവനിൽ(പനങ്ങാട്ട്) സി.ആർ.ശരത് ചന്ദ്രനാണ് ഓണക്കാലത്തേക്കുള്ള ബന്ദിത്തോട്ടമൊരുക്കിയത്. 30 സെന്റ് ഭൂമിയിൽ 1200 ബന്ദിച്ചെടികളാണ് നട്ടത്. കൃത്യമായ പരിചണത്തിലൂടെ ചെടികൾ തലയുയർത്തി വളർന്നു. ഇപ്പോൾ നിറയെ മൊട്ടിട്ടു പൂത്തു. പൂക്കൾ നിറഞ്ഞതോടെ കാഴ്ചക്കാരും ഏറെയെത്തുന്നുണ്ട്. കൃഷിക്കൂട്ടം ഗ്രൂപ്പിലെ പ്രവർത്തകരും ബന്ദിത്തോട്ടമൊരുക്കാൻ സഹായത്തിനുണ്ടായിരുന്നു. നേരത്തെ കണി വെള്ളരിക്കൃഷി ചെയ്ത് ശ്രദ്ധ നേടിയ കർഷകനാണ് ശരത് ചന്ദ്രൻ. വെണ്ടയും തക്കാളിയും വഴുതനയും ചുരയ്ക്കയും പയറും മത്തനുമടക്കം പച്ചക്കറി കൃഷിയും ഈ ഓണക്കാല വിളവെടുപ്പിന് തയ്യാറാകുന്നുണ്ട്.
അത്തത്തിന് പൂപറിക്കും
നെടുവത്തൂർ കൃഷി ഭവനിൽ നിന്നാണ് ബന്ദിത്തൈകൾ നൽകിയത്. അതുകൊണ്ടുതന്നെ ബന്ദിപ്പൂക്കളുടെ വിളവെടുപ്പിനും കൃഷിഭവനും പഞ്ചായത്തും മുൻകൈയെടുക്കുന്നു. 5ന് അത്തം നാളിൽ രാവിലെ കൊട്ടാരക്കര ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.അഭിലാഷ് വിളവെടുപ്പ് ഉദ്ഘാടനം നടത്തും. ജനപ്രതിനിധികളും പൊതുപ്രവർത്തകരുമെല്ലാം പങ്കെടുക്കും. പൂക്കളമൊരുക്കാൻ നാട്ടുകാരും തയ്യാറെടുക്കുകയാണ്.