കൊല്ലം: കെ.എം.എം.എല്ലിൽ നിന്നു ചോർന്ന ടൈറ്റാനിയം ടെട്രാക്ലോറൈഡ് അന്തരീക്ഷ വായുവുമായി കലർന്ന് രൂപപ്പെട്ട വെളുത്ത പുക പ്രദേശത്താകെ ഭീതി പടർത്തി. ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട പ്രദേശവാസിയായ സ്ത്രീയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം. ടൈറ്റാനിയം ഡയോക്സൈഡിന്റെ ഉപോത്പന്നമായ ടൈറ്റാനിയം ടെട്രാ ക്ലോറൈഡ് സംഭരണത്തിനായി കടത്തിവിടുന്ന പൈപ്പിന്റെ വാൽവിൽ സമ്മർദ്ദം ക്രമീകരിക്കുന്നതിനിടെ ചോർച്ച സംഭവിക്കുകയായിരുന്നു. ദ്രാവക രൂപത്തിലുള്ള ടൈറ്റാനിയം ക്ലോറൈഡ് അന്തരീക്ഷ വായുവിൽ ലയിച്ചതോടെ ഫാക്ടറിയുടെ ഒരു കിലോമീറ്റർ ചുറ്റളവിലെ അന്തരീക്ഷത്തിൽ വെളുത്ത പുക പടർന്നു. ദേശീയപാതയിലും പുക നിറഞ്ഞതോടെ പ്രദേശത്ത് ഏറെ നേരം ഗതാഗതം സ്തംഭിച്ചു.

സംഭവം ശ്രദ്ധയിൽപ്പെട്ട ഫാക്ടറിയിലെ ഫയർ ആൻഡ് സേഫ്ടി വിഭാഗം ഉടൻ തന്നെ ചോർച്ച പരിഹരിച്ചു. പിന്നീട് ഫാക്ടറിയിലെ തന്നെ രണ്ട് യൂണിറ്റ് ഫയർഫോഴ്സ് വാട്ടർ കർട്ടൻ തീർത്ത് ഫാക്ടറി വളപ്പിലെ അന്തരീക്ഷത്തിൽ തളം കെട്ടി നിന്ന പുക നീക്കി. 15 മിനിറ്റോളം ഫാക്ടറിയുടെ പരിസരത്ത് കെട്ടിനിന്ന വെളുത്ത പുക കാറ്റ് വീശിയതോടെ അപ്രത്യക്ഷമായി.