കൊല്ലം: വ്യവസായ വകുപ്പിന്റെ നേതൃത്വത്തിൽ കടപ്പാക്കട സ്‌പോർട്‌സ് ക്ലബ്ബിന്റെ സഹകരണത്തോടെ സ്‌പോർട്‌സ് ക്ലബ്ബ്​ ഗ്രൗണ്ടിൽ അരങ്ങേറുന്ന ഓണം കൈത്തറി മേളയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി. 5 മുതൽ 14 വരെ നീളുന്ന കൈത്തറിമേളയിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്ന കൈത്തറി സഹകരണ സംഘങ്ങൾ പങ്കെടുക്കും.

സംസ്ഥാന സർക്കാർ ഇക്കുറിയും 30 ശതമാനം റിബേറ്റ് കൈത്തറി ഉത്പന്നങ്ങൾക്ക് അനുവദിച്ചിട്ടുണ്ട്. കൈത്തറി ഉത്പന്നങ്ങളുടെ വില്പനയ്ക്ക് 14 സ്റ്റാളുകൾ ഉൾപ്പെടെ 30 സ്റ്റാളുകളാണ് ഒരുക്കിയിട്ടുള്ളത്. കുടുംബശ്രീയുടെ നാടൻ ഭക്ഷണശാലയും പരമ്പരാഗതവും ഓണക്കാലത്ത് ആവശ്യവുമായ വിവിധ ഉത്പന്നങ്ങളുടെ പ്രദർശന വിപണനവും മേളയിൽ ഉണ്ടായിരിക്കും. പ്രദർശന വിപണനശാലയിൽ നിന്ന് വിവിധതരത്തിലുള്ള കശുഅണ്ടി ഉത്പന്നങ്ങൾ കുറഞ്ഞ നിരക്കിൽ ലഭിക്കും. കാഷ്യു കോർപ്പറേഷൻ ഇതിനായി പ്രത്യേക സ്റ്റാൾ ഒരുക്കും. കശുഅണ്ടിയുമായി ബന്ധപ്പെട്ട മറ്റ് ഉത്പന്നങ്ങൾ, വിവിധതരം ഓണപ്പലഹാരങ്ങളുടെ കിറ്റുകൾ, ഹോർട്ടി കോർപ്പിന്റെ ശുദ്ധമായ തേൻ, വിവിധതരത്തിലുള്ള അച്ചാറുകൾ എന്നിവയും മേളയിൽ ലഭിക്കും. വിവിധതരം ചെടികളുടെയും ഫല വൃക്ഷത്തൈകളുടെയും പ്രദർശനവും വിപണനവും ഇതിനോടൊപ്പം ഉണ്ടായിരിക്കും എല്ലാ ദിവസവും വൈകുന്നേരങ്ങളിൽ വിവിധ കലാപരിപാടികൾ മേളയുടെ ഭാഗമായി അവതരിപ്പിക്കും.