എഴുകോൺ : കെ.എസ്.ആർ.ടി.സിയുടെ ചെങ്കോട്ട കൊല്ലം ഫാസ്റ്റ് പാസഞ്ചറിന് തിങ്കളാഴ്ച അത്ര നല്ല ദിവസം ആയിരുന്നില്ല. ചെങ്കോട്ടയിൽ നിന്ന് പുനലൂരിലെത്തിയ ബസ് സ്റ്റാൻഡ് വിട്ടത് കണ്ടക്ടർ ഇല്ലാതെയായിരുന്നു. പുനലൂർ പട്ടണം വിടും മുൻപ് ഇക്കാര്യം ശ്രദ്ധയിൽപ്പെട്ട റിട്ട. കണ്ടക്ടറായ യാത്രക്കാരൻ ബെല്ലടിച്ച് നിറുത്തിയതിനാൽ പിന്നാലെ ഓടിയ കണ്ടക്ടർക്ക് ഓട്ടോ പിടിക്കാതെ രക്ഷയായി. എന്നാൽ സുഗമ യാത്ര അധികദൂരം ഉണ്ടായില്ല. ഓട്ടോമാറ്റിക്ക് ഡോർ തകരാറിലായതിന്റെ പേരിൽ കൊട്ടാരക്കരയിൽ സർവീസ് അവസാനിപ്പിക്കേണ്ടി വന്നു. ആർ.എസ്.എ 878 -ാം നമ്പർ ബസാണ് തിങ്കളാഴ്ച ഉച്ചയ്ക്ക് 12.10ന് കൊട്ടാരക്കര സ്റ്റാൻഡിൽ യാത്രക്കാരെ ഇറക്കി ഓട്ടം അവസാനിപ്പിച്ചത്. ഡോറുകളുടെ ഓപ്പറേറ്റിംഗ് സംവിധാനമാണ് തകരാറിലായത്. ചെങ്കോട്ടയിൽ നിന്ന് സർവീസ് ആരംഭിച്ചതിന് പിന്നാലെ പിന്നിലെ ഡോറിന്റെ ഓട്ടോമാറ്റിക്ക് സിസ്റ്റം തകരാറിലായിരുന്നു. കൊട്ടാരക്കര എത്തിയപ്പഴേക്കും മുന്നിലെ ഡോറും പണിമുടക്കി. ഇതോടെയാണ് ജീവനക്കാർ സർവീസ് അവസാനിപ്പിക്കാൻ തീരുമാനിച്ചത്. യാത്രക്കാരെ മറ്റ് സർവീസുകളിൽ കയറ്റി വിടുകയായിരുന്നു.

മാനുവലായി ഡോർ തുറക്കാനും അടയ്ക്കാനും കഴിയുമായിരുന്നെങ്കിലും സുരക്ഷയെ കരുതിയായിരുന്നു യാത്ര അവസാനിപ്പിക്കാനുള്ള തീരുമാനം.