അടയ്ക്കുന്നത് ഏഴാം തീയതി
കൊല്ലം: കമ്മിഷണർ ഓഫീസ് റെയിൽവേ മേൽപ്പാലം (ആർ.ഒ.ബി) ടാറിംഗിനായി ഈമാസം ഏഴ് മുതൽ അഞ്ച് ദിവസം അടച്ചിടും. ഇടയ്ക്ക് മഴ പെയ്ത് ടാറിംഗ് വൈകിയാൽ പാലം തുറക്കുന്നത് പിന്നെയും നീളും.
ആദ്യ രണ്ടു ദിവസത്തിനുള്ളിൽ ടാറിംഗ് പൂർണമായും കുത്തിയിളക്കും. നിലവിലെ ടാറിംഗിന് മുകളിലൂടെ റീ ടാർ ചെയ്താൽ സ്പാനുകൾക്കിടയിലെ ഇരുമ്പ് പ്ലേറ്റുകളുടെ ഭാഗത്ത് വീണ്ടും കുഴികൾ രൂപപ്പെടും. അതിനാലാണ് ടാർ പൂർണമായും നീക്കുന്നത്. അതിന് ശേഷം 50 എം.എം കനത്തിൽ ബി.സി ടാർ ചെയ്ത് ഒരു ദിവസം ഉണക്കിയ ശേഷം തുറക്കും. ഗതാഗതം ആരംഭിച്ചു കഴിഞ്ഞാൽ റോഡിൽ ലൈനുകൾ മാർക്ക് ചെയ്യുന്നതിനൊപ്പം റിഫ്ലക്ടർ സ്റ്റഡുകളും ഘടിപ്പിക്കും. 41 ലക്ഷമാണ് കരാർ തുക.
പാലം അടയ്ക്കാൻ ജില്ലാ ഭരണകൂടം അനുമതി നൽകിയിട്ടുണ്ട്. ഗതാഗത ക്രമീകരണം ആവശ്യപ്പെട്ട് പൊലീസിനും കത്ത് നൽകി. പാലത്തിലെ ടാറിളകി കുണ്ടും കുഴിയും രൂപപ്പെട്ട് യാത്രക്കാർ അനുഭവിക്കുന്ന ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടി കേരളകൗമുദി നിരന്തരം വാർത്ത പ്രസിദ്ധീകരിച്ചതിനെ തുടർന്നാണ് പൊതുമരാമത്ത് വകുപ്പ് അധികൃതർ നവീകരണത്തിനുള്ള നടപടി സ്വീകരിച്ചത്.
ഗതാഗതക്കുരുക്ക് രൂക്ഷമാവും
കമ്മിഷണർ ഓഫീസ് അടയ്ക്കുന്നതോടെ, ഇതുവഴി കടന്നുപോയിരുന്ന വാഹനങ്ങൾ കൂട്ടത്തോടെ എസ്.എം.പി റെയിൽവേ ഗേറ്റിലേക്കും ചിന്നക്കടയിലേക്കും എത്തുന്നത് ഗതാഗത സ്തംഭനത്തിന് ഇടയാക്കും. ഒന്നര വർഷം മുൻപ് കമ്മിഷണർ ഓഫീസ് ആർ.ഒ.ബി അറ്റകുറ്റപ്പണക്കായി അടച്ചപ്പോൾ എസ്.എം.പി റോഡ്, ബീച്ച് റോഡ്, ചിന്നക്കട എന്നിവിടങ്ങളിൽ ഗതാഗതക്കുരുക്ക് രൂക്ഷമായിരുന്നു.