പണി തീർത്ത വകയിലെ കുടിശ്ശിക 150 കോടി പിന്നിട്ടു

കൊല്ലം: പഞ്ചായത്തുകളിലെ എല്ലാ വീടുകൾക്കും കുടിവെള്ള കണക്ഷൻ ലഭ്യമാക്കുന്ന ജൽജീവൻ മിഷൻ പദ്ധതിയുടെ കരാറുകാർക്ക് എട്ട് മാസമായി പണം ലഭിക്കാത്തതിനാൽ പദ്ധതി പ്രതിസന്ധിയിൽ. ജില്ലയിലെ കരാറുകാർക്ക് കൊടുക്കാനുള്ളത് 150 കോടിക്ക് മുകളിലാണ്.

പ്രവൃത്തി പൂർത്തിയാകുന്ന മുറയ്ക്ക് ആദ്യഘട്ടത്തിൽ എല്ലാമാസവും പണം നൽകിയിരുന്നു. അതി​നാൽ വലിയ പ്രതീക്ഷയോടെ കരാർ ഏറ്റെടുത്തവരാണ് ഇപ്പോൾ പ്രതിസന്ധിയിലായിരിക്കുന്നത്. അടുത്തിടെ 250 കോടി അനുവദിച്ചെങ്കിലും കെട്ടിക്കിടക്കുന്ന ബില്ലുകളുടെ മുൻഗണന പരിഗണിച്ച് പണം നൽകിയതിനാൽ ജില്ലയിലെ കരാറുകാർക്ക് ഒരു രൂപ പോലും ലഭിച്ചില്ല. മറ്റ് ജില്ലകളിലും സമാന അവസ്ഥയായതിനാൽ ഇപ്പോഴത്തെ മെല്ലെപ്പോക്ക് പദ്ധതി നടത്തിപ്പിൽ ജില്ലയുടെ ഒന്നാം സ്ഥാനത്തെ ബാധിച്ചിട്ടില്ല.

സാമ്പത്തിക പ്രതിസന്ധി

സംസ്ഥാന സർക്കാർ വിഹിതം നൽകാത്തതാണ് കരാറുകാരെ വലയ്ക്കുന്നത്. പദ്ധതിയുടെ നോഡൽ അക്കൗണ്ടിലേക്ക് സംസ്ഥാന സർക്കാർ നിക്ഷേപിക്കുന്നതിനു തുല്യമായ തുകയേ കേന്ദ്ര സർക്കാർ നൽകുകയുള്ളൂ. കേന്ദ്ര മാനദണ്ഡത്തിൽ നിന്നു വത്യസ്തമായി പഞ്ചായത്തുകളുടെയും ഗുണഭോക്താക്കളുടെയും വിഹിതം സംസ്ഥാന സർക്കാരാണ് നൽകുന്നത്.


.........................................

 ലക്ഷ്യം 4.5 ലക്ഷം ഗാർഹിക കണക്ഷൻ

 ഇതുവരെ നൽകിയത് 3.02 ലക്ഷം

 ജില്ലയിലെ 68 പഞ്ചായത്തുകളിൽ

 10 പഞ്ചായത്തുകളിൽ 100 %

 ആകെ പദ്ധതി തുക 2400 കോടി

.......................................

കുടിവെള്ള വിതരണം

 നിലവിൽ: 240 എം.എൽ.ഡി

 ആവശ്യമുള്ളത്: 350 എം.എൽ.ഡി

പുതിയ സ്രോതസുകൾ

 ഏരൂരിൽ 3 എം.എൽ.ഡി പ്ലാന്റ്
 കല്ലുവാതുക്കലിൽ 7 എം.എൽ.ഡി പ്ലാന്റ് റെഡി
 പെരിനാട് 16 എം.എൽ.ഡി പ്ലാന്റ്

 നെടുവത്തൂരിൽ 16 എം.എൽ.ഡി പ്ലാന്റ്

 കുന്നത്തൂരിൽ 44 എം.എൽ.ഡി പ്ലാന്റ്

പണം നൽകാനുള്ള ബില്ലുകളുടെ വിവരങ്ങൾ സംസ്ഥാന സർക്കാർ ശേഖരിച്ചിട്ടുണ്ട്. ജൽ ജീവൻ മിഷൻ പദ്ധതിക്കായി പ്രത്യേക ഫണ്ട് കണ്ടെത്താനുള്ള ശ്രമം നടക്കുന്നുണ്ട്

സബീർ എ.റഹീം (വാട്ടർ അതോറിട്ടി സൂപ്രണ്ടിംഗ് എൻജിനിയർ)