ചിറക്കര: ജില്ലാ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള കൊച്ചാലുംമൂട്- ഒഴുകുപാറ റോഡ് പൊട്ടിപ്പൊളിഞ്ഞിട്ട് 18 വർഷം. സ്‌കൂളുകളും കോളേജുകളുമുൾപ്പടെയുള്ള, തിരക്കേറിയ ഈ റൂട്ട് വാഹന സാന്ദ്രതയേറിയതാണ്. കാൽനട യാത്രികരും ഏറെ ആശ്രയിക്കുന്ന റോഡാണിത്.
ടാറിംഗ് പൊട്ടിപ്പൊളിഞ്ഞ റോഡിൽ മഴ കടുത്തതോടെ വലിയ ഗർത്തങ്ങൾ രൂപപ്പെട്ടു. മഴവെള്ളക്കെട്ടിൽ കുഴി ഏതെന്ന് അറിയാതെ സൈക്കിൾ ഉൾപ്പടെയുള്ള ടൂ വീലർ യാത്രികർ അപകടത്തിൽപ്പെടുന്നുണ്ട്. വീണു പരിക്കേറ്റ പെൺകുട്ടികളും അനവധി.
.................................
ടിപ്പർ ലോറികൾ പായുന്ന റൂട്ടാണിത്. വലിയ വാഹനങ്ങൾക്ക് മുന്നിൽ നിന്ന് രക്ഷപ്പെടാൻ ടൂ വീലറുകൾ ഒതുക്കുമ്പോൾ നിലവിട്ട് വീണ നിരവധി സംഭവങ്ങളുണ്ട്. ഇതുവഴി സ്വകാര്യ ബസുകളും സർവീസ് നടത്തുന്നു
വിനോദ് പാണിയിൽ
സേവാദൾ ചിറക്കര മണ്ഡലം ചെയർമാൻ
....................................
2021- 22 വർഷം മെയിന്റനൻസ് ഗ്രാന്റായി 20 ലക്ഷം അനുവദിച്ചിരുന്നു. കരാറുകാർ പ്രവൃത്തി ഏറ്റെടുക്കാൻ തയ്യാറാകാതിരുന്നത് പ്രതിസന്ധി സൃഷ്‌ടിച്ചു. റീ ടെണ്ടർ ചെയ്‌തും ക്വട്ടേഷൻ വഴിയും കരാറുകാരനെ കണ്ടെത്താനുള്ള ശ്രമത്തിനാെടുവിൽ ആ വർഷം മാർച്ച് 31 ന് കരാറുകാരനെ കൊണ്ട് എഗ്രിമെന്റ് തയ്യാറാക്കിയെങ്കിലും ഒടുവിൽ പിന്മാറി. തുക കുറേനാൾ സ്‌പിൽ ഓവറായി. നിലവിൽ 2024- 25 വർഷത്തേക്ക് ജില്ലാ പഞ്ചായത്തിന്റെ തനത് ഫണ്ടായ 10 ലക്ഷം അനുവദിച്ചു. ഡി.പി.സി അനുമതിയും ലഭിച്ചു. അധിക ഫണ്ട് കണ്ടെത്തി നവീകരണം പൂർത്തിയാക്കും
ശ്രീജ ഹരീഷ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്