vellakett
സി കെ പി മുക്കടമുക്ക് റോഡിലെ ഇന്റർലോക്ക് പാകിയ ഭാഗത്ത് വെള്ളക്കെട്ടിലൂടെ വാഹനം കടന്നുപോകുമ്പോൾ വെള്ളം വീഴാതിരിക്കാൻ റോഡിന്റെ വശത്തേക്ക് മാറി നിൽക്കുന്ന വൃദ്ധ

ഉയരമുള്ള ഓടയിലേക്ക് വെള്ളമൊഴുകുന്നില്ല


അഞ്ചാലുംമൂട്: സി.കെ.പി ജംഗ്ഷനിൽ നിന്ന് മുക്കടമുക്കിലേക്ക് പോകുന്ന റോഡിലെ ഇന്റർലോക്കിട്ട ഭാഗം വെള്ളത്തിൽ മുങ്ങി മാസങ്ങളായി​ട്ടും നടപടി​യി​ല്ല. മഴയ്ക്ക് മുൻപ് തന്നെ ഈ ഭാഗത്ത് വെള്ളക്കെട്ട് രൂക്ഷമായിരുന്നു. ഇന്റർലോക്ക് ചെയ്ത ഭാഗത്ത് നിന്നുള്ള വെള്ളം സമീപത്തെ ചെറിയ ഓടയിലേക്ക് ഒഴുകിയെത്താനുള്ള സൗകര്യമില്ലാത്തതാണ് വിഷയം. പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലുള്ളതാണ് റോഡും സമീപത്തെ ഓടയും

മുക്കടമുക്കിനടുത്തു നിന്ന് സി.കെ.പി ജംഗ്ഷൻ വരെ ദൈർഘ്യമുള്ള ഓടയുടെ ഉയരക്കൂടുതലാണ് വെള്ളം ഒഴുകാൻ തടസമായി നിൽക്കുന്നതെന്ന് നാട്ടുകാർ പറയുന്നു. പ്രതിഷേധം ഉയരുമ്പോൾ കോർപ്പറേഷൻ, പൊതുമരാമത്ത് അധികൃതർ ഓടയിലെ മണ്ണ് മാറ്റി പ്രഹസന വ്യത്തിയാക്കൽ നടത്തുന്നത് പതിവാണെന്നും പരാതിയുണ്ട്. വർഷങ്ങൾക്ക് മുൻപ് ഈ ഭാഗത്തെ റോഡ് വെള്ളക്കെട്ട് മൂലം അടിക്കടി തകരുമായിരുന്നു. അതിനാലാണ് ഇവിടം മാത്രം ഇൻർലോക്ക് ചെയ്തത്. എന്നാൽ ഇതിന് ശേഷം നിർമ്മിച്ച ഓട ഉയരത്തിലാവുകയും ചെയ്തു.

പൊതുമരാമത്ത് വിഭാഗം ഉദ്യോഗസ്ഥർക്ക് പറ്റിയ പിഴവാണ് സി.കെ.പി മുക്കടമുക്ക് റോഡിലെ വെള്ളക്കെട്ടിന് കാരണമെന്നാണ് ആരോപണം. കുരീപ്പുഴയിലേക്കുള്ള സ്വകാര്യബസുകൾ ഉൾപ്പെടെ ഇതു വഴിയാണ് സർവീസ് നടത്തുന്നത്. ദിനംപ്രതി നൂറ് കണക്കിന് വാഹനങ്ങൾ കടന്നുപോകുന്നു.

ചെളിവെള്ളം തെറിക്കുന്നു

തൃക്കടവൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്കും തൃക്കടവൂർ എൽ.പി.എസ്, അഞ്ചാലുംമൂട്, കടവൂർ, കൊല്ലം എന്നിവിടങ്ങളിലേക്കും പോകുന്നതിന് ഈ റോഡാണ് പ്രധാനമായും ഉപയോഗിക്കുന്നത്. റോഡിന്റെ വശങ്ങളിലൂടെ ഒതുങ്ങി നടന്ന് പോകുന്നവരുടെ ദേഹത്തേക്ക് അമിത വേഗത്തിൽ പോകുന്ന വാഹനങ്ങൾ ചെളിവെള്ളം തെറിപ്പിക്കുന്നതും പതിവാണ്. എത്രയും വേഗം റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.


വെള്ളക്കെട്ട് ഒഴിവാക്കാൻ ഓടയിലെ മണ്ണ് ഉൾപ്പെടെ കോർപ്പറേഷൻ നേതൃത്വത്തിൽ നീക്കം ചെയ്യുന്നുണ്ട്. വെള്ളക്കെട്ടിന്റെ ഇടത് വശത്താണ് ഓടയുള്ളത്. ഓടയിലേക്ക് വെള്ളം ഒഴുക്കി വിടാനും അറ്റകുറ്റപ്പണിക്കുമായി പൊതുമരാമത്ത് വകുപ്പ് എസ്റ്റിമേറ്റ് എടുത്തിട്ടുണ്ട്. വെള്ളക്കെട്ട് പരിഹരിക്കും.

ഗിരിജ സന്തോഷ്,

ഡിവിഷൻ കൗൺസിലർ