
കൊല്ലം: തൃശൂർപൂരം അലങ്കോലമാക്കിയതിനെക്കുറിച്ച് ജുഡിഷ്യൽ അന്വേഷണം വേണമെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ ആവശ്യപ്പെട്ടു. ഇക്കാര്യമാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകും. പൂരം കലക്കിയതിന് പിന്നിൽ ചില കരങ്ങളുണ്ടെന്ന് താൻ നേരത്തെ പറഞ്ഞതാണ്. ഇതിനെകുറിച്ചുള്ള അന്വേഷണ റിപ്പോർട്ട് പുറത്തുവന്നിട്ടില്ല. രാത്രിവരെ ഭംഗിയായി നടന്നിരുന്ന പൂരം അർദ്ധരാത്രി വെടിക്കെട്ടോടെയാണ് അലങ്കോലമായത്. സുരേഷ് ഗോപിയെ ജയിപ്പിച്ച് കരുവന്നൂർ സഹകരണ അഴിമിതി ഇല്ലാതാക്കാനും മുഖ്യമന്ത്രിക്കെതിരായ കേസുകൾ ഇല്ലാതാക്കാനുമുള്ള നിർദ്ദേശം പ്രകാശ് ജാവഡേക്കർ ഇ.പി. ജയരാജന് മുന്നിൽ വച്ചിരുന്നു. അത് ഫലവത്തായില്ല. തുടർന്നാണ് വിശ്വസ്തനായ എം.ആർ. അജിത് കുമാറിനെ ചുമതലയേൽപ്പിച്ചത്. അക്കാര്യമാണ് ഭരണകക്ഷി എം.എൽ.എയിലൂടെ പുറത്ത് വന്നത്.
പൂരം കലക്കുന്നത് മുമ്പ് വരെ തൃശൂരിൽ യു.ഡി.എഫും എൽ.ഡി.എഫും തമ്മിലായിരുന്നു മത്സരം. ഇലഞ്ഞിത്തറമേളം നടക്കുമ്പോൾ താനും സുനിൽകുമാറും സ്ഥലത്തുണ്ടായിരുന്നു. ഈ സമയത്തൊന്നും കാണാത്ത ബി.ജെ.പി സ്ഥാനാർത്ഥി പൂരം കലങ്ങിയ ഉടൻ പ്രത്യക്ഷപ്പെട്ടു. എം.ആർ. അജിത് കുമാർ പൂരം കലക്കിയെങ്കിൽ പിന്നിൽ പിണറായിയാണെന്നും മുരളീധരൻ പറഞ്ഞു.