t
കൊല്ലം പബ്ലിക് ലൈബ്രറി സരസ്വതി ഹാളിൽ നടന്ന ചടങ്ങിൽ വേദിക സാംസ്കാരിക വേദിയുടെ ഉദ്‌ഘാടനം അടൂർ ഗോപാലകൃഷ്ണൻ നിർവ്വഹിക്കുന്നു

കൊല്ലം: നന്മയിലേക്കുള്ള മാർഗമാണ് കലയിലൂടെ തെളിയുന്നതെന്ന് ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു. കൊല്ലം ആസ്ഥാനമായി പ്രവർത്തനം ആരംഭിച്ച കലാ-സാംസ്ക‌ാരിക സംഘടന വേദികയുടെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കലയിലും സംസ്കാരത്തിലും ഉയർച്ച ഉണ്ടാകുമ്പോൾ മാത്രമേ ജനങ്ങൾ നന്മയുള്ളവരായി മാറുകയുള്ളൂ. സാംസ്കാരിക സദസുകളിൽ കുട്ടികളുടെ സാന്നിദ്ധ്യം ഉറപ്പാക്കി അവരെ കലയോട് അടുപ്പിക്കാൻ മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു . വേദിക ചെയർമാൻ മുല്ലക്കര രത്നാകരൻ അദ്ധ്യക്ഷനായി. വേദികയുടെ രക്ഷാധികാരികളായ ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണൻ, സൂര്യ കൃഷ്ണമൂർത്തി, സാഹിത്യകാരൻ ഡോ. ജോർജ് ഓണക്കൂർ, നടനും സംവിധായകനുമായ മധുപാൽ, കവി ചവറ കെ.എസ്. പിള്ള, മുല്ലക്കര രത്നാകരൻ, വൈസ് ചെയർമാൻ പ്രതാപ് ആർ.നായർ എന്നിവർ ചേർന്നു ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ഒക്ടോബർ മുതൽ തിരുവനന്തപുരം സൂര്യയുമായി സഹകരിച്ച് എല്ലാ മാസവും വൈവിദ്ധ്യമാർന്ന കലാ- സാംസ്‌കാരിക പരിപാടികൾ കൊല്ലത്ത് സംഘടിപ്പിക്കുമെന്ന് മുല്ലക്കര രത്നാക്കരൻ പറഞ്ഞു. ഒക്ടോബർ 7 ന് വൈകിട്ട് 6.30 ന് സോപാനം ഓഡിറ്റോറിയത്തിൽ നർത്തകി ഡോ. ജാനകി രംഗരാജൻ നയിക്കുന്ന നൃത്തസംഗീതപരിപാടി ഉണ്ടായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു. കൂടാതെ നൃത്തം, നാടകം, സംഗീതം, കഥാപ്രസംഗം, പ്രഭാഷണം തുടങ്ങിയവ വേദികയുടെ പ്രതിമാസ പരിപാടികളായി ഉണ്ടാകും. അംഗങ്ങൾക്കു മാത്രമാകും വേദികയുടെ പരിപാടികളിൽ പ്രവേശനം. സൂര്യ കൃഷ്ണമൂർത്തി, ഡോ. ജോർജ് ഓണക്കൂർ, മധുപാൽ, ചവറ കെ.എസ്. പിള്ള, പ്രതാപ് .ആർ. നായർ, പ്രസിഡന്റ്‌ ആശ്രാമം ഭാസി, സെക്രട്ടറി എം.എം. അൻസാരി എന്നിവർ സംസാരിച്ചു.