കൊല്ലം: കൊല്ലം റെയിൽവേ സ്റ്റേഷനിലെ ചൈനീസ് പാലസ് പൈതൃക സ്മാരകമായി സംരക്ഷിക്കുമെന്നും സംസ്ഥാന സർക്കാരിന്റെ ഏതെങ്കിലും ഏജൻസിയോ കൊല്ലം കോർപ്പറേഷനോ മ്യൂസിയം നടത്താൻ താത്പര്യം പ്രകടിപ്പിച്ചാൽ വ്യവസ്ഥകൾ ഇളവു ചെയ്ത് ഏറ്റവും കുറഞ്ഞ നിരക്കിൽ വിട്ടുനൽകാൻ റെയിൽവേ സന്നദ്ധമാണെന്നും എൻ.കെ. പ്രേമചന്ദ്രൻ എം.പി അറിയിച്ചു. ദക്ഷിണ റെയിൽവേ ജനറൽ മാനേജരുടെ കാര്യാലയത്തിൽ ഉന്നതതല യോഗം ചേർന്ന് ലോക്‌സഭാ മണ്ഡലത്തിലെ റെയിൽവേ വികസനം സംബന്ധിച്ച് വിശദമായ ചർച്ച നടത്തിയ ശേഷമാണ് എംപി ഇക്കാര്യം അറിയിച്ചത്.
കൊല്ലം റെയിൽവേ ഹെൽത്ത് യൂണിറ്റിന്റെ അടിസ്ഥാന സൗകര്യം വർദ്ധിപ്പിക്കും. കൂടുതൽ സ്‌പെഷ്യലിസ്റ്റ് ഡോക്ടർമാരെ നിയമിക്കും. ഡിവിഷണൽ ആശുപത്രിയിൽ ലഭിക്കുന്ന പരമാവധി സൗകര്യങ്ങൾ കൊല്ലത്തെ യൂണിറ്റിലും ലഭിക്കുന്ന വിധം നിലവാരം ഉയർത്തും. പെരിനാട് റയിൽവേ സ്റ്റേഷനിൽ രണ്ടാം പ്ലാറ്റ്‌ഫോമിന്റെ റീറൂഫിംഗ് നടത്തും. ഒന്നാം പ്ലാറ്റ്‌ഫോമിലെ 2 ബേ പ്ലാറ്റ്‌ഫോം ഷെൽറ്റർ നിർമ്മിക്കും. പെരിനാട് റയിൽവേ സ്റ്റേഷനിലേക്കുള്ള അപ്രോച്ച് റോഡ് അറ്റകുറ്റപ്പണി നടത്തി ഗതാഗത സൗകര്യം വർദ്ധിപ്പിക്കും. ദിവ്യജ്ഞാൻ വാട്ടർ ബൂത്തും ട്രോളിപാത്തും നിർമ്മിക്കും. പരവൂർ സ്റ്റേഷനിൽ എൽ.ഇ.ഡി ഡിസ്‌പ്ലേ ബോർഡ് സ്ഥാപിക്കാനുള്ള നടപടി പുരോഗമിക്കുകയാണ്.
പ്രധാന തീരുമാനങ്ങൾ
മയ്യനാട് സ്റ്റേഷനിൽ മലബാർ എക്‌സ്‌പ്രസിന് സ്റ്റോപ്പ് അനുവദിക്കാനുള്ള ശുപാർശ റയിൽവേ ബോർഡിന് നൽകും.
ഇരവിപുരം റയിൽവേ സ്റ്റേഷന്റെ ഒന്നും രണ്ടും പ്ലാറ്റ്‌ഫോമുകൾ ഉയർത്താനും നവീകരിക്കാനും അനുമതി നൽകി.
കിളികൊല്ലൂർ റയിൽവേ സ്റ്റേഷനിൽ പ്ലാറ്റ്‌ഫോമുകൾ വിപുലീകരിക്കും.
കുണ്ടറ സ്റ്റേഷൻ എൻ.എസ്.ജി 6 പ്രകാരമുളള നിർമ്മാണ പ്രവൃത്തികൾ പൂർത്തീകരിച്ചു.
പുനലൂർ റയിൽവേ സ്റ്റേഷൻ അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി യാത്രക്കാരുടെ സൗകര്യങ്ങൾ വർദ്ധിപ്പിച്ചു വരുന്നു.
തെന്മല റയിൽവേ സ്റ്റേഷനിൽ പ്ലാറ്റ്‌ഫോമുകൾ ഉയർത്തുന്നതിനുളള അനുമതി നൽകി. ടെണ്ടർ നടപടികൾ അന്തിമ ഘട്ടത്തിൽ.
ആര്യങ്കാവ് റയിൽവേ സ്റ്റേഷന്റെ പ്ലാറ്റ്‌ഫോം ഉയർത്തുന്ന പ്രവൃത്തികൾ ഡിസംബറിൽ പൂർത്തീകരിക്കും.
വിസ്റ്റാഡോം കോച്ച് കൊല്ലം ചെങ്കോട്ട പാതയിൽ ഓടുന്ന ട്രെയിനുകളിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം റയിൽവേ ബോർഡിന്റെ പരിഗണനയ്ക്കായി വീണ്ടും സമർപ്പിക്കും.
കൊല്ലം ചെങ്കോട്ട പാതയിൽ രാവിലെ 4.50 നും 6.50 നും ഇടയ്ക്കും വൈകിട്ട് 3.40 നും 5.40 നും ഇടയ്ക്കും കോട്ടയം, കൊല്ലം പാസഞ്ചർ ട്രെയിനുകൾ എന്ന ആവശ്യം ദക്ഷിണ റെയിൽവേ പരിശോധിച്ച് സർവ്വീസ് ആരംഭിക്കാൻ നടപടി സ്വീകരിക്കും
മയിലാടുത്തുറ ചെങ്കോട്ട എക്‌സപ്രസ് കൊല്ലത്തേക്ക് ദീർഘിപ്പിക്കുന്നത് പരിഗണിക്കും
കൊല്ലം ചെങ്കോട്ട വഴി താമ്പരം കൊച്ചുവേളി ട്രെയിൻ എന്ന എൻ.കെ. പ്രേമചന്ദ്രൻ എം.പി യുടെ ആവശ്യം പരിഗണിക്കും