കൊല്ലം: നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട സ്ഥിരം കുറ്റവാളിയായ പ്രതിയെ കാപ്പാ നിയമപ്രകാരം കരുതൽ തടങ്കലാക്കി. പള്ളിത്തോട്ടം എച്ച് ആൻഡ് സി കോമ്പൗണ്ടിൽ ഗന്ധിനഗർ 26 ൽ അഫ്‌സൽ (30) ആണ് തടവിലായത്. 2021 മുതൽ പള്ളിത്തോട്ടം, കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനുകളിലായി രജിസ്റ്റർ ചെയ്യ്തിട്ടുള്ള അഞ്ച് ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഇയാൾ. ആക്രമണം, കവർച്ച, കഞ്ചാവ് വിൽപ്പന എന്നീ കുറ്റകൃത്യങ്ങളിലാണ് ഉൾപ്പെട്ടിട്ടുള്ളത്. പ്രതിക്കെതിരെ മുമ്പ് കാപ്പ പ്രയോഗിച്ചിരുന്നു. എന്നാൽ നിയന്ത്രണം പൂർത്തിയാക്കിയ ഉടനെ തന്നെ ഇയാൾ കവർച്ച കേസിൽ പ്രതിയായതോടെയാണ് കരുതൽ തടങ്കലിനുള്ള നടപടികൾ ആരംഭിച്ചത്. ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോൺ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കളക്ടർ എൻ.ദേവിദാസാണ് കരുതൽ തടങ്കലിന് ഉത്തരവിട്ടത്. പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റി.