കൊല്ലം: വൃദ്ധയെ മണ്ണെണ്ണയൊഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ കൊല്ലം മുണ്ടയ്ക്കൽ ശ്രുതി നിലയത്തിൽ സുഭാഷിന് (53) രണ്ടു വർഷം തടവും 36,000 രൂപ പിഴയും കൊല്ലം അഡീഷണൽ അസിസ്റ്റന്റ് സെഷൻസ് കോടതി ജഡ്ജി ഡോ. അമൃത ശിക്ഷിച്ചു. തുമ്പറ സ്വദേശിനിയും കടഉടമയുമായ നബീസത്തിനെ ആക്രമിച്ച കേസിലാണ് ശിക്ഷ വിധിച്ചത്.
2023 ജൂൺ 22നാണ് കേസിനാസ്പദമായ സംഭവം.കൊല്ലം തുമ്പറ ക്ഷേത്രത്തിന് സമീപം പ്രവർത്തിച്ചിരുന്ന തട്ടുകടയിൽ ചായകുടിക്കാൻ എത്തിയ സുഭാഷ് ചായ നൽകുന്ന ഗ്ലാസിൽ മദ്യം ഒഴിച്ചു കുടിച്ചു. കട ഉമയായ നബീസത്ത് വിവരം പൊലീസിൽ അറിയിച്ചു. ഇതിന്റെ വിരോധത്തിൽ പ്രതി കന്നാസിൽ മണ്ണെണ്ണയുമായെത്തുകയും നബീസത്തിന്റെ ദേഹത്തേക്കും ഗ്യാസ് അടുപ്പിലേക്കും ഒഴിക്കുകയും തീ ഇടുകയുമായിരുന്നു.
ഭയന്ന് ഓടി മാറിയ നബീസത്തിന്റെ കണ്ണിന് ഗുരുതരമായി പരിക്കേറ്റു. തടസം പിടിക്കാൻ എത്തിയ നബിസത്തിന്റെ ഭർത്താവിനെ ഇയാൾ മർദ്ദിച്ചു. ഈസ്റ്റ് പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടറായിരുന്ന എസ്. പ്രദീപ്കുമാർ ആണ് കേസിൽ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. നിയാസ്, അഡ്വ. വൈശാഖ്. വി. നായർ എന്നിവർ ഹാജരായി.